‘യുക്രൈൻ യുദ്ധം ചർച്ചയിലൂടെ പരിഹരിക്കണം’; പുടിനുമായുള്ള കൂടിക്കാഴ്ചയിൽ നിലപാട് ആവർത്തിച്ച് മോദി
യുക്രൈൻ യുദ്ധം ചർച്ചയിലൂടെ പരിഹരിക്കണമെന്ന നിലപാട് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി റഷ്യയിലെത്തിയ മോദി, റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായി കൂടിക്കാഴ്ച നടത്തി.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായുള്ള കൂടിക്കാഴ്ചയിൽ, യുക്രൈൻ യുദ്ധത്തോടുള്ള ഇന്ത്യൻ നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു. സംഘർഷത്തിന് ചർച്ചയിലൂടെ പരിഹാരം വേണമെന്ന് പുടിനോട് മോദി ആവശ്യപ്പെട്ടു. ഇന്ത്യ എന്നും സമാധാനത്തിന്റെ പക്ഷത്താണ്. മേഖലയിൽ സമാധാനം പുനസ്ഥാപിക്കാനുള്ള നീക്കങ്ങൾക്ക് ഇന്ത്യ എപ്പോഴും തയറാണ്. ബ്രിക്സ് കൂട്ടായ്മയിലെ ഇന്ത്യ-റഷ്യ സഹകരണത്തെ തങ്ങൾ വിലമതിക്കുന്നതായി പുടിൻ പ്രതികരിച്ചു.
പ്രധാനമന്ത്രിയുടെ ഈവർഷത്തെ രണ്ടാമത്തെ റഷ്യൻ സന്ദർശനമാണിത്. ജൂലൈയിൽ റഷ്യ സന്ദർശിച്ചപ്പോഴും യുക്രൈൻ യുദ്ധത്തിന് പരിഹാരം വേണമെന്ന് മോദി ആവശ്യപ്പെട്ടിരുന്നു. യുക്രൈൻ പ്രധാനമന്ത്രി സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം, യുദ്ധം അവസാനിപ്പിക്കണമെന്ന് മോദി ആവർത്തിച്ച് ആവശ്യപ്പെടുന്നത് റഷ്യ ഗൗരവമായി കാണുന്നുണ്ട്.
ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങുമായും മോദി കൂടിക്കാഴ്ച നടത്തിയേക്കും. ചേരിചേരാ നയത്തിൽ നിന്ന് ഇന്ത്യ വ്യതിചലിച്ചതായി മോദി പ്രഖ്യാപിച്ചതിന് ശേഷം നടക്കുന്ന ആദ്യ ബ്രിക്സ് ഉച്ചകോടിയാണിത്. ഇന്ത്യയുടെ പുതിയ നിലപാടുകൾ, ബ്രിക്സിന്റെ മുന്നോട്ടുള്ള പോക്കിൽ നിർണായകമാകും. ഈ സാഹചര്യത്തിലാണ് യുക്രൈൻ യുദ്ധം അവസാനിപ്പിക്കണമെന്ന നിലപാട് പുടിനോട് മോദി വീണ്ടും ആവർത്തിച്ചിരിക്കുന്നത്. വ്യാഴാഴ്ചയാണ് ഉച്ചകോടി സമാപിക്കുന്നത്.