KeralaTop News

മനുഷ്യ ബോംബ് ഭീഷണി; നെടുമ്പാശ്ശേരിയിൽ വിമാനം വൈകി

Spread the love

മനുഷ്യ ബോംബ് ഭീഷണിയെ തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാനം വൈകി. വിസ്താര വിമാനമാണ് അരമണിക്കൂറോളം വൈകിയത്. മഹാരാഷ്ട്ര സ്വദേശി വിജയി മന്ദായനാണ് വിമാനത്തിലേക്ക് കടക്കാൻ ഒരുങ്ങവെ മനുഷ്യ ബോംബാണെന്ന് പറഞ്ഞ് ഭീഷണിയുയർത്തിയത്. പിന്നീട് സിഐഎസ്എഫ് ഉദ്യോഗസ്ഥർ പരിശോധിച്ചെങ്കിലും ബോംബ് കണ്ടെത്താനായില്ല. ഇയാളെ അധികൃതർ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി.

അതേസമയം, വ്യോമയാന മന്ത്രിയുടെ മുന്നറിയിപ്പിനു പിന്നാലെയാണ് ഇപ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി. കഴിഞ്ഞ ദിവസവും ഇവിടെ രണ്ട് വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണിയുണ്ടായിരുന്നു.

Read Also: ‘നവംബർ 1 മുതൽ 19 വരെ പറക്കരുത്’; എയർ ഇന്ത്യ വിമാനങ്ങൾക്ക് നേരെ ഭീഷണിയുമായി ഖലിസ്ഥാന്‍ നേതാവ്

വിമാനങ്ങൾക്കെതിരെയുള്ള വ്യാജ ബോംബ് ഭീഷണി ഗൗരവതരമാണെന്നും കുറ്റവാളികള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുമെന്നും വ്യോമയാന മന്ത്രി റാം മോഹൻ നായിഡു വ്യക്തമാക്കിയിട്ടുണ്ട്. വ്യോമയാന സുരക്ഷാ നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ ആലോചിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. അഞ്ചു ദിവസത്തിനിടെ 125 വിമാനങ്ങള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.ഇൻഡിഗോ, വിസ്താര, ആകാശ എയർ, എയർ ഇന്ത്യ എന്നീ അന്താരാഷ്ട്ര വിമാനങ്ങൾക്കുൾപ്പടെ ബോംബ് ഭീഷണി ഉണ്ടായിരുന്നു.