NationalTop News

രാമ ജന്മഭൂമി -ബാബറി മസ്ജിദ് തര്‍ക്കത്തിന് പരിഹാരം കാണാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു, വിശ്വാസമുള്ളവര്‍ക്ക് ദൈവം വഴികാണിച്ചു തരും’, ഡി.വൈ ചന്ദ്രചൂഡ്

Spread the love

അയോധ്യ കേസില്‍ വിധി പറയുന്നതിന് മുന്‍പ് രാമ ജന്മഭൂമി -ബാബറി മസ്ജിദ് തര്‍ക്കത്തിന് പരിഹാരം കാണാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചതായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. വിശ്വാസമുള്ളവര്‍ക്ക് ദൈവം വഴികാണിച്ചു തരുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. മഹാരാഷ്ട്രയിലെ ജന്മനാടായ കന്‍ഹെര്‍സര്‍ ഗ്രാമത്തിലെ നിവാസികളോട് സംസാരിക്കവേയാണ് ചന്ദ്രചൂഡിന്റെ പരാമര്‍ശം.അയോധ്യ തര്‍ക്കം പരിഹരിക്കാന്‍ പ്രയാസമുള്ള വിഷയം ആയിരുന്നുവെന്നും ചന്ദ്രചൂഡ് പറഞ്ഞു. ബാബരി കേസില്‍ വിധി പറഞ്ഞ അഞ്ചംഗ സുപ്രീംകോടതി ബെഞ്ചില്‍ അംഗമായിരുന്നു ഡി.വൈ ചന്ദ്രചൂഡ്.

പലപ്പോഴും പരിഹാരം കാണാന്‍ ബുദ്ധിമുട്ടേറിയ പല കേസുകളും ഉണ്ടായിരുന്നു. അയോധ്യ കേസും അത്തരത്തില്‍ ഒന്നായിരുന്നു. മൂന്ന് മാസത്തോളം ഈ കേസ് എനിക്ക് മുന്നിലുണ്ടായിരുന്നു. കേസിന് പരിഹാരം കണ്ടെത്തിത്തരാന്‍ ഞാന്‍ ദൈവത്തിന്റെ മുന്നിലിരുന്ന് പ്രാര്‍ത്ഥിച്ചു – അദ്ദേഹം വിശദമാക്കി.

2019 നവംബര്‍ 9നാണ് അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയ്, ചന്ദ്രചൂഡ് എന്നിവരുള്‍പ്പടെയുള്ള അഞ്ചംഗ ബെഞ്ച് അയോധ്യ കേസില്‍ വിധി പറയുന്നത്. 70 വര്‍ഷത്തോളം നീണ്ടു നിന്ന നിയമ യുദ്ധത്തിനാണ് ഇതോടെ അന്ത്യം കുറിച്ചത്. ജൂലൈയില്‍ ചന്ദ്രചൂഡ് അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിച്ചിരുന്നു.