KeralaTop News

ചിഹ്നത്തിന്റെ കുറവ് മാത്രം; ജയ് വിളിച്ച് വിമർശിച്ചവർ; രാഹുലിന്റെ റോഡ് ഷോയ്ക്ക് സരിന്റെ ചെക്ക്

Spread the love

കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ചാണ് ഡോ. പി സരിൻ ഇടതോരം ചേർന്നത്. ഇടതുപക്ഷം സ്ഥാനാർത്ഥികളെ തിരഞ്ഞ് നടക്കുന്നുവെന്ന വിമർശനം രൂക്ഷമായിരിക്കെയാണ് സരിൻ കോൺ​ഗ്രസ് വിട്ടത്. ഇത് മുതലെടുത്ത് പാലക്കാട് മണ്ഡലം സരിനിലൂടെ പിടിച്ചെടുക്കാം എന്ന നിലപാട് ഇടത് മുന്നണി സ്വീകരിക്കുന്നത്. ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായി പി സരിനെ എൽഡിഎഫ് പ്രഖ്യാപിക്കുകയും ചെയ്തു. ഇടതു പക്ഷത്തിലെ കോൺ​ഗ്രസുകാരൻ എന്നാണ് സരിൻ സ്വയം വിശേഷിപ്പിക്കുന്നതും. പൂർണമായി സരിൻ സഖാവായി മാറിയിരിക്കുകയാണ്. ചിഹ്നത്തിന്റെ കുറവ് മാത്രമാണ് സരിന് ഇപ്പോൾ ഉള്ളത്.

കോൺ​ഗ്രസിനെതിരായ സരിന്റെ പരാമർശങ്ങളിൽ സിപിഐഎം അലിഞ്ഞു. എതിർപാളയത്തായിരുന്ന സമയത്ത് സരിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചവർ ഇന്ന് ജയ് വിളിക്കാൻ എത്തി. പി സരിൻ ഇപ്പോൾ ഇടതുപക്ഷത്തിന്റെ സരിൻ ബ്രോ ആയി മാറിയിരിക്കുകയാണ്. പ്രവർത്തകരും സരിനെ ആവേശത്തോടെ സ്വീകരിച്ചിരിക്കുന്നതാണ് വിക്‌ടോറിയ കോളജ് പരിസരത്ത് നിന്ന് തുടങ്ങിയ റോഡ് ഷോയിൽ കാണാൻ കഴിഞ്ഞത്. നൂറു കണക്കിന് ആളുകളാണ് സരിന്റെ റോഡ് ഷോയിൽ അണിനിരന്നത്.

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് മണ്ഡലത്തിൽ പ്രവർത്തകർ‌ നൽകിയ വരവേൽപ്പിനേക്കാൾ വമ്പൻ റോഡ് ഷോയാണ് കൂടുവിട്ട് മാറി എത്തിയ സരിന് എൽഡിഎഫ് പ്രവർത്തകർ‌ നൽകിയത്. ജില്ലയിലെ മുതിർന്ന നേതാക്കൾക്കൊപ്പം മുൻ പാലക്കാട് എംഎൽഎയും വടകര എംപിയുമായ ഷാഫി പറമ്പിലും യൂത്ത് ലീഗ് അധ്യക്ഷൻ പികെ ഫിറോസും രാഹുലിനൊപ്പമുണ്ടായിരുന്നു. എന്നാൽ സിപിഐഎമ്മിന്റെ മുതിർന്ന നേതാക്കന്മാർ ഇല്ലാതെയാണ് പി സരിന്റെ റോഡ് ഷോ.
ചെങ്കൊടിക്ക് കീഴിൽ അണിനിരക്കുന്നത് അഭിമാനമാണെന്ന് സരിൻ റോഡ് ഷോയിൽ‌ പ്രതികരിച്ചത്. വരും ദിനങ്ങളിൽ എൽഡിഎഫിന്റെ പ്രചരണത്തിന് ശക്തി പകരുന്നതാണ് റോഡ് ഷോയിലെ ജനപങ്കാളിത്തം. രാഹുലും സരിനും ഏറ്റുമുട്ടുന്ന പാലക്കാടാണ് ഉപതെരെഞ്ഞെടുപ്പിലെ ഹൈ വോൾട്ടേജ് മത്സരം നടക്കുക എന്നത് ഇരുമുന്നണികളുടെയും റോഡ‍് വിളിച്ചോതുന്നതാണ്. ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനം കൂടി കഴിയുമ്പോൾ കളം നിറയം മത്സരം കടുക്കും എന്നതിൽ സംശയമില്ല.

വൈകീട്ട് 5.30 ഓടെയാണ് രാഹുൽ മാങ്കൂട്ടത്തിന്റെ റോഡ് ഷോ ആരംഭിച്ചത്. മോയൻസ് സ്‌കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച റോഡ് ഷോ സ്റ്റേഡിയം ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു. തുടർദിനങ്ങളിൽ മുതിർന്ന നേതാക്കൾ രാഹുലിന്റെ പ്രചരണത്തിനായി മണ്ഡലത്തിൽ എത്തും. നേരത്തെ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കി മണ്ഡലത്തിൽ സജീവമാകുന്ന ആത്മവിശ്വസം യുഡിഎഫ് ക്യാമ്പിനുണ്ട്. ആദ്യഘട്ടത്തിൽ തന്നെ പരമാവധി വേട്ടർമാരെ നേരിൽ കണ്ട് വോട്ട് ഉറപ്പിക്കാനാണ് യുഡിഎഫ് ശ്രമം.