NationalTop News

ഹോട്ടൽ ഭക്ഷണത്തിന്റെ പേരിൽ തർക്കം; മൈസൂരുവിൽ മലയാളി വിദ്യാർത്ഥികൾക്ക് അങ്കമാലി സ്വദേശികളുടെ മർദ്ദനം

Spread the love

മൈസൂരുവിൽ മലയാളി വിദ്യാർത്ഥികൾക്ക് അങ്കമാലി സ്വദേശിയുടെ മർദ്ദനം. നിയമ വിദ്യാർത്ഥികളായ കോഴിക്കോട് സ്വദേശികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. വിദ്യാർത്ഥികൾ പാർടൈമായി ജോലി ചെയ്തിരുന്ന ഹോട്ടലിൽ ഭക്ഷണത്തിന്റെ പേരിലുണ്ടായ വാക്കുതർക്കത്തെ തുടർന്നായിരുന്നു മർദ്ദനം.

കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു സംഭവങ്ങളുടെ തുടക്കം. കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ ടോണി ആന്റണി, രാജു എന്നിവരാണ് മർദ്ദനത്തിനിരയായത്.ഇവർ ജോലി ചെയ്തിരുന്ന ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ അങ്കമാലി സ്വദേശി ഷൈൻ പ്രസാദുമായി ഉണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. വിളമ്പിയ ഭക്ഷണത്തിനും, വെള്ളത്തിനും വൃത്തിയില്ലെന്ന് ആരോപിച്ച് ഷൈൻ ആദ്യം പ്രശ്നമുണ്ടാക്കി. തുടർന്ന് വിദ്യാർത്ഥികളുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷം ഇന്നലെ രാത്രി കൂടുതൽ ആൾക്കാരെ കൂട്ടി ഷൈൻ പ്രസാദ് വീണ്ടും ഹോട്ടലിൽ എത്തി. പിന്നാലെ യാതൊരു പ്രകോപനവുമില്ലാതെ വിദ്യാർത്ഥികളെ ഹോട്ടലിൽ നിന്ന് വലിച്ചിറക്കി മർദ്ദിച്ചെന്നാണ് പരാതി.

ആക്രമണത്തിൽ പരുക്കേറ്റ രണ്ട് പേരും മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വിദ്യാർത്ഥികളുടെ പരാതിയിൽ മൈസൂരു സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .