KeralaTop News

2023ലെ നിയമ പ്രകാരമുള്ള ആദ്യ കേസിൽ വിധി; ശിക്ഷ നാദാപുരത്തെ ഹോട്ടൽ നടത്തിപ്പുകാരിക്ക്, പിഴയടച്ചില്ലെങ്കിൽ തടവ്

Spread the love

കോഴിക്കോട്; ആരോഗ്യ വിഭാഗത്തിന്റെ നിര്‍ദേശം തുടര്‍ച്ചയായി അവഗണിച്ച ഹോട്ടല്‍ ഉടമയ്ക്ക് ശിക്ഷ വിധിച്ച് കോടതി. നാദാപുരം കല്ലാച്ചിയിലെ വനിതാ ഹോട്ടല്‍ ഉടമയായ എടവന്‍റവിടെ ആയിഷയെ ആണ് 10,000 രൂപ പിഴ അടയ്ക്കാനും അല്ലാത്ത പക്ഷം 30 ദിവസം സാധാരണ തടവിനും കോടതി ശിക്ഷിച്ചത്. നാദാപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിന്റേതാണ് വിധി.

2023ല്‍ പ്രാബല്യത്തില്‍ വന്ന കേരള പൊതുജനാരോഗ്യ നിയമ പ്രകാരം സംസ്ഥാനത്ത് ആദ്യമായി രജിസ്റ്റര്‍ ചെയ്ത കേസായിരുന്നു ഇത്. ഈ കേസിലാണ് ഇപ്പോള്‍ വിധി പ്രസ്താവിച്ചിരിക്കുന്നത്.

ഹെല്‍ത്തി കേരള പ്രോഗ്രാമിന്റെ ഭാഗമായി ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ ഹോട്ടലില്‍ അടിസ്ഥാന സംവിധാനങ്ങള്‍ ഇല്ലെന്നും ശുചിത്വ സൗകര്യങ്ങള്‍ ഇല്ലെന്നും കണ്ടെത്തി. മാലിന്യം അലക്ഷ്യമായി കൂട്ടിയിട്ട നിലയിലായിരുന്നു. തുടര്‍ന്ന് ഉടമയ്ക്ക് നല്‍കിയ നോട്ടീസിലെ നിര്‍ദേശങ്ങള്‍ അവഗണിച്ചു. ചെയ്ത കുറ്റത്തിന് പിഴ അടയ്ക്കാന്‍ നിര്‍ദേശിച്ചെങ്കിലും ചെയ്തില്ല. ഇതേ തുടര്‍ന്നാണ് ആരോഗ്യ വിഭാഗം കേസ് ഫയല്‍ ചെയ്തത്.