Friday, October 18, 2024
Latest:
Top NewsWorld

ഹമാസ് തലവന്‍റെ കൊലപാതകത്തിൽ പ്രതികരിച്ച് അമേരിക്ക; ‘നല്ല ദിവസ’മെന്ന് ബൈഡൻ, ഗാസ യുദ്ധം അവസാനിപ്പിക്കാമെന്ന് കമല

Spread the love

വാഷിംഗ്ടൺ: ഹമാസ് തലവൻ യഹിയ സിൻവാറിനെ ഇസ്രയേൽ കൊലപ്പെടുത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച് അമേരിക്ക. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്‍റും ഡൊമോക്രാറ്റ് പ്രസിഡന്‍റ് സ്ഥാനാർഥിയുമായ കമല ഹാരിസും പ്രതികരണവുമായി രംഗത്തെത്തി. യഹിയ സിന്‍വാറിനെ ഇസ്രായേല്‍ കൊലപ്പെടുത്തിയതിനെ പ്രശംസിച്ച അമേരിക്കന്‍ പ്രസിഡന്റ് ലോകത്തിന് ഒരു ‘നല്ല ദിവസം’ എന്നായിരുന്നു അഭിപ്രായപ്പെട്ടത്. ഗാസ വെടിനിര്‍ത്തലിനും ബന്ദി ഇടപാടിനും ഉണ്ടായിരുന്ന ഒരു പ്രധാന തടസം കൂടിയാണ് ഇതിലൂടെ നീങ്ങിയതെന്നും ബൈഡന്‍ വിവരിച്ചു.

അതേസമയം വൈസ് പ്രസിഡന്‍റും ഡൊമോക്രാറ്റ് പ്രസിഡന്‍റ് സ്ഥാനാർഥിയുമായ കമല ഹാരിസാകട്ടെ ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള അവസരമെന്നാണ് പ്രതികരിച്ചത്. യഹിയ സിൻവാറിന്റെ മരണത്തോടെ മേഖലയിൽ ഹമാസിന് സ്വാധീനം നഷ്മായ സാഹചര്യത്തിൽ യുദ്ധം അവസാനിക്കൽ ഇനി സാധ്യമാണെന്നും കമല വിവരിച്ചു. നീതി നടപ്പായെന്നും ഹമാസ് നശിച്ചിരിക്കുന്നുവെന്നും നേതാക്കൻമാരെല്ലാം കൊല്ലപ്പെട്ടിരിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ഇത് യുദ്ധം അവസാനിപ്പിക്കാനുള്ള അവസരമാണ്. യുദ്ധം അവസാനിപ്പിക്കുന്നതിനൊപ്പം ഇസ്രയേലിന്റെ സുരക്ഷയും വർധിക്കും. ബാക്കിയുള്ള ബന്ദികളെ കൂടി മോചിപ്പിക്കുന്നതോടെ ഗാസയുടെ ദുരിതവും തീരുമെന്നും കമല ഹാരിസ് അഭിപ്രായപ്പെട്ടു.

അതിനിടെ യഹിയയുടെ അവസാന നിമിഷങ്ങളുടെ വീഡിയോ ഇസ്രയേൽ പുറത്ത് വിട്ടു. ഡ്രോൺ ദൃശ്യങ്ങളാണ് ഇസ്രായേൽ പ്രതിരോധ സേന പുറത്തുവിട്ടത്. തകർന്ന വീടിനുള്ളിൽ, ഒരു കട്ടിലിൽ സിൻവാർ ഇരിക്കുന്നതും അവസാന നിമിഷങ്ങളിലെ പ്രതിരോധമെന്നോണം ഡ്രോണിലേക്ക് ഒരു വസ്തു എറിയുന്നതും ദൃശ്യങ്ങളിൽ കാണാം. 62 കാരനായ സിൻവാറിനെ ഇസ്രായേൽ ഗാസ ഓപ്പറേഷനിലൂടെയാണ് വധിച്ചത്. ഒക്‌ടോബർ ഏഴിലെ ഇസ്രായേൽ ആക്രമണത്തിന് ഉത്തരവാദിയായ സിൻവാറിനെ ഐ ഡി എഫ് സൈനികർ ഇല്ലാതാക്കിയെന്നാണ് ഇസ്രയേൽ വ്യാഴാഴ്ച അറിയിച്ചത്. ആദ്യം നിഷേധിച്ചെങ്കിലും ഇന്ന് വൈകുന്നേരത്തോടെ ഹമാസും യഹിയ സിൻവാറിന്‍റെ മരണം സ്ഥിരീകരിച്ചു.