Friday, October 18, 2024
Latest:
KeralaTop News

പാലക്കാട് യുഡിഎഫ് – എൽഡിഎഫ് പോരിൻ്റെ ഗുണം ബിജെപിക്കെന്ന് അൻവർ; പൊതുസ്ഥാനാർത്ഥി വേണമെന്ന് വീണ്ടും ആവശ്യം

Spread the love

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരം നടന്നാൽ നേട്ടം ബിജെപിക്കാവുമെന്ന് പിവി അൻവർ. രണ്ട് മുന്നണികളും അവരവരുടെ വോട്ടുപിടിച്ചാൽ ബിജെപിക്ക് അനായാസം ജയിക്കാനാവും. ബിജെപി ജയിക്കാതിരിക്കാൻ മതേതര ജനാധിപത്യ ശക്തികൾ ഒന്നിച്ച് നിൽക്കണം. സംസ്ഥാന നേതാവ് സുരേന്ദ്രനെ വരെ ബിജെപി സ്ഥാനാർത്ഥിയായി ആലോചിക്കുന്നത് ജയിക്കുമെന്ന് ഉറപ്പുള്ളത് കൊണ്ടാണെന്നും അൻവർ ചൂണ്ടിക്കാട്ടി.

ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായ സിപിഎമ്മും കോൺഗ്രസും പരസ്പരം ആലോചിച്ച് പാലക്കാട് പൊതു സ്ഥാനാർഥിയെ നിർത്തണം. ബിജെപിയുടെ ജയം തടയുകയാണ് വേണ്ടത്. ഇത് രാജ്യത്താകെ മതേതര കക്ഷികൾക്കും ന്യൂനപക്ഷങ്ങൾക്കും ആശ്വാസമാകും. കേരളത്തിൽ ബിജെപിക്ക് സീറ്റ് കൊടുക്കുന്നത് കേരളത്തിന്റെ മതേതര പുരോഗമന പാരമ്പര്യത്തിന് കളങ്കമാകും. ഇടത് – വലത് മുന്നണികൾ ആലോചിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കണം. അല്ലെങ്കിൽ തൃശൂർ ഇവിടേയും ആവർത്തിക്കുമെന്നും അൻവർ പറയുന്നു. പൊതുസ്ഥാനാർത്ഥിയെ പാലക്കാട് നിർത്തുകയാണെങ്കിൽ ഡിഎംകെ പിന്തുണക്കുന്ന സ്ഥാനാർത്ഥിയെ പിൻവലിച്ച് പൊതുസ്ഥാനാർത്ഥിക്കായി പ്രചാരണത്തിനിറങ്ങുമെന്നും അൻവർ പറഞ്ഞു.