KeralaTop News

വയനാട് ഉരുള്‍പൊട്ടല്‍: പ്രത്യേക സഹായം വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണനയിലെന്ന് കേന്ദ്രം

Spread the love

മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടലില്‍ പ്രത്യേക സഹായം വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണനയിലെന്ന് കേന്ദ്രം. ഹൈക്കോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. വയനാടിന്റെ പുനരധിവാസത്തിന് കേന്ദ്രത്തില്‍ നിന്ന് പ്രത്യേക സഹായം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു പ്രത്യേക ഫണ്ട് അനുവദിച്ചിട്ടില്ലെന്ന ആക്ഷേപവും സര്‍ക്കാര്‍ ഉന്നയിച്ചു. വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കവേയാണ് കേന്ദ്രം നിലപാട് അറിയിച്ചത്.

2024 -25 സാമ്പത്തിക വര്‍ഷത്തില്‍ 2 തവണയായി 388 കോടി രൂപ അനുവദിച്ചെന്നും കഴിഞ്ഞ വര്‍ഷത്തെ ഫണ്ട് കൂടി ചേര്‍ത്ത് ഇത് 700 കോടിക്ക് മുകളില്‍ വരുമെന്നും കേന്ദ്രം ഹൈക്കോടതിയില്‍ വാദിച്ചു. എന്നാല്‍ വയനാടിന് വേണ്ടി പ്രത്യേകം ഫണ്ട് അനുവദിച്ചിട്ടില്ലെന്നായിരുന്നു കേരളത്തിന്റെ പ്രതിരോധം. വയനാടിന് സ്‌പെഷ്യല്‍ ഫണ്ട് അനുവദിക്കണമെന്നും കേരളം ആവശ്യമുന്നയിച്ചു.

എന്നാല്‍, നേരത്തെ അനുവദിച്ച 782 കോടി രൂപ വയനാടിന് വേണ്ടി ഉപയോഗിക്കാമല്ലോ എന്നായി കോടതി. പിന്നാലെ കേരളത്തില്‍ എവിടെയെല്ലാം കേന്ദ്ര ഫണ്ട് ഉപയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. വയനാട്ടില്‍ ബാങ്ക് വായ്പയുടെ കാര്യത്തില്‍ കേന്ദ്രം സര്‍ക്കുലര്‍ ഇറക്കിയാല്‍ നന്നാവുമെന്നും കോടതി ചൂണ്ടിക്കാട്ടി. സ്വമേധയാ എടുത്ത കേസ് അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.