KeralaTop News

തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവം: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം

Spread the love

തൃശൂര്‍ പൂരം കലക്കല്‍ ആരോപണത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘമായി. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം. ലോക്കല്‍ പൊലീസിലെയും സൈബര്‍ ഡിവിഷനിലും വിജിലന്‍സിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് പ്രത്യേക സംഘം രൂപീകരിച്ചിരിക്കുന്നത്

തൃശൂര്‍ റെയ്ഞ്ച് ഡിഐജി തോംസണ്‍ ജോസ്, കൊല്ലം റൂറല്‍ എസ് പി സാബു മാത്യു, കൊച്ചി എസിപി പി. രാജ് കുമാര്‍, വിജിലന്‍സ് ഡിവൈഎസ്പി ബിജു വി. നായര്‍ ഇന്‍സ്‌പെക്ടര്‍മാരായ ചിത്തരഞ്ചന്‍, ആര്‍ ജയകുമാര്‍ എന്നിവരാണ് പ്രത്യേക സംഘത്തിലുള്ളത്. ഡിജിപിയുടെ ശുപാര്‍ശയില്‍ ഈ മാസം മൂന്നിനാണ് ത്രിതല അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതിലൊന്നാണ് ക്രൈംബ്രാഞ്ച് മേധാവിയുടെ കീഴിലുള്ളത്.

പൂരം കലക്കാനുള്ള ഗൂഢാലോചന, തിരുവമ്പാടി പാറമേക്കാവ് ദേവസ്വത്തിലെ ചില ഭാരവാഹികളുടെ പങ്ക്, സംഘ്പരിവാര്‍ ഇടപെടല്‍ എന്നിവയൊക്കെയാണ് അന്വേഷണത്തിന്റെ ഭാഗമാകുക. ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി എംആര്‍ അജിത് കുമാര്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപണം ഡിജിപിയാണ് അന്വേഷിക്കുന്നത്. പൂരത്തിലെ ഉദ്യോഗസ്ഥ വീഴ്ച ക്രമസമാധാന ചുമതലയുളള എഡിജിപി മനോജ് എബ്രഹാമും അന്വേഷിക്കും.