നവീൻ ബാബുവിന്റെ മരണത്തിൽ സർക്കാരും പാർട്ടിയും അന്വേഷണം നടത്തും; പിപി ദിവ്യയുടേത് അപക്വമായ നടപടി; കെ പി ഉദയഭാനു
കണ്ണൂരിൽ ജീവനൊടുക്കിയ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യക്കെതിരെ വീണ്ടും സിപിഐ(എം) പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. ദിവ്യയുടേത് അപക്വമായ നടപടിയാണെന്നും നവീന്റെ മരണത്തിൽ സർക്കാരും പാർട്ടിയും അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
നവീൻ ബാബുവിന്റേത് പാർട്ടി കുടുംബമാണ്.സംഘടനാനേതൃത്വത്തിൽ അദ്ദേഹം കഴിവ് തെളിയിച്ചയാളാണ്. ഞങ്ങൾക്ക് വളരെ പ്രിയപ്പെട്ടവനായിരുന്നു നവീൻ. അദ്ദേഹത്തിന്റെ കുടുംബത്തെ ഏറ്റവും കൂടുതൽ അറിയാവുന്നത് ഞങ്ങൾക്കാണ്.കണ്ണൂരിൽ നിന്ന് പത്തനംതിട്ടയിലേക്ക് അദ്ദേഹത്തെ മാറ്റുന്നതിന് പാർട്ടി എന്ന രീതിയിൽ ഇടപെട്ടിരുന്നു, അവിടെ നടന്ന സംഭവം നിർഭാഗ്യകരമാണ്. നമ്മുടെ നാട്ടിൽ പൊതുവെ യാത്രയയപ്പിനും അതുപോലെ തന്നെ മരണത്തിനും അനുശോചനം രേഖപ്പെടുത്തുമ്പോൾ ഏതൊരു വ്യക്തിയായാലും അവരുടെ പോസിറ്റീവ് വശങ്ങൾ മാത്രമേ ഈ ഒരു സന്ദർഭത്തിൽ പറയാറുള്ളൂ. വിമർശനം ഈ രണ്ട് ഘട്ടങ്ങളിൽ ആരും ഉപയോഗിക്കാറില്ല. ഇങ്ങനെയല്ല ഒരു യാത്രയയപ്പ് പരിപാടിയിൽ പെരുമാറേണ്ടത് ഉദയഭാനു വ്യക്തമാക്കി.
ഔദ്യോഗിക ജീവിതത്തിൽ നല്ല ട്രാക്ക് റെക്കോർഡുള്ള, പാവങ്ങൾക്ക് വേണ്ടി പരമാവധി സഹായം ചെയ്യുന്ന ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിന്റെ വിലയിരുത്തലിനെ പറ്റി തനിക്കറിയില്ലായെന്നും കെ പി ഉദയഭാനു കൂട്ടിച്ചേർത്തു.