NationalTop News

ആകാശത്ത് ഞങ്ങൾ ‘മച്ചാ മച്ചാ’; നയതന്ത്ര ബന്ധം കുറഞ്ഞാലും ഫ്ലൈറ്റുകളുടെ എണ്ണം കൂട്ടി ഇന്ത്യയും കാനഡയും

Spread the love

ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം ഓരോ ദിവസം കൂടും തോറും പ്രക്ഷുബ്ധമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യ തങ്ങളുടെ നയതന്ത്രജ്ഞരെ പിന്‍വലിക്കുന്നതിലേക്കും ആറ് കനേഡിയന്‍ നയതന്ത്രജ്ഞരെ പുറത്താക്കുന്നതിലേക്കും ഇരു രാജ്യങ്ങളും തമ്മിലുള്ള ഭിന്നത നയിച്ചു. ഒരു വര്‍ഷമായുള്ള നയതന്ത്ര കലഹം തുടരുകയാണെങ്കിലും രണ്ട് രാജ്യങ്ങള്‍ക്കുമിടയിലുള്ള വ്യോമഗതാഗതത്തെ അതൊന്നും ബാധിച്ചിട്ടില്ല.

ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തര്‍ക്കത്തിനിടയിലും, വരാനിരിക്കുന്ന ശൈത്യകാലത്ത് വിമാന സര്‍വീസുകളില്‍ വന്‍ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. ഏവിയേഷന്‍ അനലിറ്റിക്സ് കമ്പനിയായ സിറിയം തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം ഈ ഡിസംബറില്‍ ഇന്ത്യയ്ക്കും കാനഡയ്ക്കുമിടയില്‍ 39 പ്രതിവാര നോണ്‍-സ്റ്റോപ്പ് ഫ്ലൈറ്റുകള്‍ ഉണ്ടാകും. 2019 ഡിസംബറിനെ അപേക്ഷിച്ച് 20 ശതമാനമാണ് വര്‍ധന. കാനഡയിലേക്ക് പോകുന്ന ഇന്ത്യക്കാരുടെ എണ്ണം 2013 മുതല്‍ നാലിരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്. യുഎസ്എയില്‍ ഉള്ള ഇന്ത്യക്കാര്‍ കാനഡയിലേക്ക് കുടിയേറുന്നതും ഇതിന് കാരണമായിട്ടുണ്ട്. കാനഡയില്‍ കഠിനമായ ശൈത്യകാലം വരുന്നതോടെ പ്രവാസികള്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത് കൊണ്ടാണ് വിമാന യാത്രക്കാരുടെ എണ്ണം ഈ സമയത്ത് ഉയരുന്നത്. നോണ്‍-സ്റ്റോപ്പ് ഫ്ലൈറ്റുകള്‍ക്ക് പുറമേ, യൂറോപ്യന്‍ ഹബ്ബുകള്‍ വഴിയും മിഡില്‍ ഈസ്റ്റ് വഴിയുള്ള വിമാനങ്ങളും ഇന്ത്യക്കാര്‍ തെരഞ്ഞെടുക്കുന്നുണ്ട്..

ഈ ശൈത്യകാലത്ത്, എയര്‍ ഇന്ത്യ കാനഡയിലേക്ക് 21 പ്രതിവാര ഫ്ലൈറ്റുകള്‍ ആണ് തയാറാക്കിയിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് ടൊറന്‍റോയിലേക്ക് ദിവസേന രണ്ടുതവണ സര്‍വീസും വാന്‍കൂവറിലേക്ക് പ്രതിദിന സര്‍വീസും ഉണ്ട്. മറുവശത്ത്, എയര്‍ കാനഡ ടൊറന്‍റോ, മോണ്‍ട്രിയല്‍ എന്നിവിടങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള പ്രതിദിന സര്‍വീസും ടൊറന്‍റോയില്‍ നിന്ന് മുംബൈയിലേക്ക് ആഴ്ചയില്‍ നാല് തവണയും സര്‍വീസ് നടത്തുന്നു. 2022-ല്‍ ഉഭയകക്ഷി എയര്‍ സര്‍വീസസ് കരാര്‍ പ്രകാരം ഇന്ത്യയും കാനഡയും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ എത്ര വിമാന സര്‍വീസുകള്‍ വേണമെങ്കിലും നടത്താന്‍ തീരുമാനിച്ചിരുന്നു. നേരത്തെ 35 പ്രതിവാര ഫ്ളൈറ്റുകളാണ് ഉണ്ടായിരുന്നത്.