Top NewsWorld

കാനഡയിലുണ്ടായ കൊലപാതകത്തിലും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലും ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന് വീണ്ടും ആരോപിച്ച് കാനഡ

Spread the love

നിജ്ജര്‍ കൊലപാതകത്തില്‍ ഇന്ത്യക്കെതിരെ തെളിവുണ്ടെന്ന് കാനഡ. ഇന്ത്യ അന്വേഷണവുമായി സഹകരിക്കണമെന്നും, തെളിവുകള്‍ കൈമാറിയിട്ടുണ്ടെന്നും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കി. കനേഡിയന്‍ പൗരന്മാരുടെ സുരക്ഷ പരമ പ്രധാനമാണ്. കാനഡയുടെ മണ്ണില്‍ വിദേശ ശക്തികളുടെ ഇടപെടല്‍ അനുവദിക്കില്ലെന്നാണ് ട്രൂഡോ പറയുന്നത്.

കാനഡയിലുണ്ടായ കൊലപാതകത്തിലും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലും ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്നാണ് കാനഡ ആവര്‍ത്തിക്കുന്നത്. ഖാലിസ്ഥാന്‍ അനുകൂലരെ ഇന്ത്യ ഗവണ്‍മന്റ് ക്രിമിനല്‍ ഗ്രൂപ്പുകളെ ഉപയോഗിച്ച് ലക്ഷ്യം വെയ്ക്കുന്നുവെന്ന് കാനഡ ആരോപിക്കുന്നു. കുറ്റകൃത്യങ്ങളില്‍ അധോലോക നായകന്‍ ലോറന്‍സ് ബിഷ്ണോയി ഗ്രൂപ്പിന് പങ്കുണ്ടെന്നും കനേഡിയന്‍ പൊലീസ് ആരോപിച്ചു. ലോറന്‍സ് ബിഷ്ണോയി ഗ്രൂപ്പിന് ഇന്ത്യന്‍ സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്നും കാനഡ ആരോപിച്ചു.

നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ കാനഡയ്ക്കെതിരെ ഇന്ത്യ കടുത്ത നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. ആറ് നേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാന്‍ ഇന്ത്യ തീരുമാനിച്ചു.ശനിയാഴ്ച രാത്രി 11:59ന് മുന്‍പ് ഇന്ത്യ വിടാന്‍ നിര്‍ദ്ദേശം നല്‍കി. ആക്ടിംഗ് ഹൈക്കമ്മീഷണര്‍ സ്റ്റുവര്‍ട്ട് റോസ് വീലര്‍, ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ പാട്രിക് ഹെബര്‍ട്ട്, ഫസ്റ്റ് സെക്രട്ടറി മേരി കാതറിന്‍ ജോളി, ഫസ്റ്റ് സെക്രട്ടറി ലാന്‍ റോസ് ഡേവിഡ് ട്രൈറ്റ്സ്, ഫസ്റ്റ് സെക്രട്ടറി ആദം ജെയിംസ് ചുപ്ക, ഫസ്റ്റ് സെക്രട്ടറി പോള ഓര്‍ജുവേല എന്നിവര്‍ക്കാണ് രാജ്യം വിടാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ത്യയുടെ നടപടിക്ക് പിന്നാലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡയും പുറത്താക്കി.