technologyTop News

ഗോവയിൽ ഇനി ഡീസല്‍ ബസുകളില്ല; ട്രാൻസ്പോർട്ട് ബസുകളെല്ലാം ഇലക്ട്രികിലേക്ക്

Spread the love

ഡീസൽ ബസുകൾ ഒഴിവാക്കി ​​ഗോവ. ട്രാൻസ്പോർട്ട് ബസുകളെല്ലാം ഇലക്ട്രികിലേക്ക് മാറ്റിയാണ് പുതിയ ചുവടുവെപ്പ്. കദംബ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ വാര്‍ഷികാഘോഷ ചടങ്ങിലായിരുന്നു പ്രഖ്യാപനം. കോര്‍പ്പറേഷന്‍ ലാഭത്തിലാക്കാനും പരിസ്ഥിതി സൗഹൃദ ഗതാഗതം നടപ്പാക്കാനുമാണ് സർക്കാരിന്റെ വിപ്ലവകരമായ തീരുമാനം.

പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇലക്ട്രിക് ബസുകള്‍ അവതരിപ്പിക്കാന്‍ നിക്ഷേപം നടത്താനുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി അലുംനിയുടെ നിർദേശത്തിന് ​ഗോവൻ സർക്കാർ അനുമതി നൽകിയിരുന്നു. ഇതിന്റെ ഭാ​ഗമായി 700 കോടി രൂപ നിക്ഷേപിക്കാമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി അലുംനി വാ​ഗ്ദാനം നൽകിയിരുന്നു. 500 ഇലക്ട്രിക് ബസുകൾ എത്തിക്കാനാണ് പദ്ധതി.

കദംബ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ലിമിറ്റഡിന് നിലവിൽ 54 ഇലക്ട്രിക് ബസുകൾ മാത്രമാണുള്ളത്. മൂന്ന് വർഷം മുൻപായിരുന്നു കോർപ്പറേഷനിൽ ഇലക്ട്രിക് ബസുകൾ ഇടം പിടിക്കുന്നത്. സംസ്ഥാനത്ത് ഓടുന്ന ഭൂരിഭാ​ഗം ബസുകളും ഡീസലായിരുന്നു. ഇത് ഒഴിവാക്കി പൂർണമായി ഇലക്ട്രിക് ബസുകളിലേക്ക് മാറാനാണ് ഇപ്പോഴത്തെ നീക്കം.