KeralaTop News

മട്ടാഞ്ചേരി സ്മാർട്ട് കിഡ്‌സ് പ്ലേ സ്കൂൾ അടച്ചുപൂട്ടും; നോട്ടീസ് നൽകാൻ നിർദ്ദേശം നൽകി മന്ത്രി വി ശിവൻകുട്ടി

Spread the love

മട്ടാഞ്ചേരിയിൽ മൂന്നര വയസ്സുകാരനെ അധ്യാപിക മർദ്ദിച്ച സംഭവത്തിൽ പ്ലേ സ്‌കൂൾ അടച്ചുപൂട്ടാൻ ഉത്തരവ്. മട്ടാഞ്ചേരിയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് കിഡ്‌സ് പ്ലേ സ്കൂളിനാണ് നോട്ടീസ് നൽകാൻ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകിയത്. സ്കൂൾ പ്രവർത്തിക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെയാണെന്നും അനുമതി ഇല്ലാത്ത വിദ്യാലയങ്ങളെ പറ്റി അന്വേഷിച്ചു റിപ്പോർട്ട് നൽകാനും മന്ത്രി നിർദ്ദേശം നൽകി. പൊതു വിദ്യാഭ്യാസ ഡയറക്ടർക്കാണ് ഇതിന്റെ അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.

സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടത് കെഇആർ ചട്ടപ്രകാരവും കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരവുമാണ്. അടുത്ത കാലത്തായി ഈ നിബന്ധനകൾ പാലിക്കാതെ ചില വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരത്തിലുള്ള ഒരു സ്‌കൂളാണ് മട്ടാഞ്ചേരി കൊച്ചിൻ ഗുജറാത്തി മഹാജൻ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന മട്ടാഞ്ചേരി സ്മാർട്ട് കിഡ്‌സ് പ്ലേ സ്‌കൂളെന്ന് മന്ത്രി പറഞ്ഞു.

ഇന്നലെയായിരുന്നു മട്ടാഞ്ചേരിയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് കിഡ്‌സ് പ്ലേ സ്കൂളിലെ അധ്യാപിക സീതാലക്ഷ്മി മൂന്നര വയസ്സുള്ള കുട്ടിയെ ക്രൂരമായി തല്ലിയത്. ക്ലാസിൽ വച്ച് അധ്യാപിക ചോദിച്ച ചോദ്യങ്ങൾക്ക് കുട്ടി വ്യക്തമായി ഉത്തരം നൽകിയില്ല എന്ന കാരണം പറഞ്ഞായിരുന്നു മർദ്ദനം. കുട്ടിയുടെ മുതുകിൽ ചൂരൽ ഉപയോഗിച്ച് തല്ലു കിട്ടിയതിന്റെ നിരവധി പാടുകളാണ് ഉള്ളത്. വീട്ടിലെത്തിയ കുട്ടി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതോടെ രക്ഷിതാക്കൾ നടത്തിയ പരിശോധനയിലാണ് തല്ലുകൊണ്ട് പൊട്ടിയ പാടുകൾ കണ്ടത്. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. വൈദ്യ പരിശോധനയ്ക്കുശേഷം മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിൽ രക്ഷിതാക്കൾ പരാതിയും നൽകി.

രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് ടീച്ചറെ കസ്റ്റഡിയിലെടുക്കുകയും. വൈകിട്ടോടെ ടീച്ചറുടെ അറസ്റ്റും രേഖപ്പെടുത്തി. ഭാരതീയ ന്യായ സംഹിതയിലെ 118 (1) , ജെജെറ്റിലെ 75 എന്നീ വകുപ്പുകൾ പ്രകാരമാണ് അധ്യാപികയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.