KeralaTop News

അന്‍വര്‍ സഭയിലെത്തിയപ്പോള്‍ ഡസ്‌കിലടിച്ച് ചാണ്ടി ഉമ്മന്‍, കൈ കൊടുത്ത് ലീഗ് എംഎല്‍എമാര്‍; അന്‍വറുടെ സ്ഥാനം ഇന്നും പ്രതിപക്ഷ നിരയ്ക്കടുത്ത്

Spread the love

മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് പി വി അന്‍വര്‍ എംഎല്‍എയുടെ സ്ഥാനം ഇന്നും നിയമസഭയില്‍ പ്രതിപക്ഷ നിരയില്‍ തന്നെ. പ്രതിപക്ഷത്തോട് ചേര്‍ന്ന് നാലാം നിരയിലാണ് അന്‍വറിന്റെ ഇരിപ്പടം. എകെഎം അഷ്‌റഫിന് സമീപത്താണ് ഇപ്പോള്‍ അന്‍വറിന്റെ സീറ്റ്. സഭയിലേക്ക് കടന്നെത്തിയ അന്‍വറിനെ മുസ്ലീം ലീഗ് എംഎല്‍എമാര്‍ ഹസ്തദാനം നല്‍കി സ്വീകരിച്ചു. സഭ ഹാളിലേക്ക് കയറിവന്ന അന്‍വറിനെ ആദ്യം അഭിവാദ്യം ചെയ്തത് മഞ്ഞളാംകുഴി അലിയാണ്. ഇരിപ്പിടത്തിലേക്ക് പോകും മുമ്പ് പഴയ സീറ്റില്‍ ഇരുന്ന പി വി ശ്രീനിജനോട് അന്‍വര്‍ കുശലാന്വേഷണം നടത്തി.

അന്‍വറിന് നജീബ് കാന്തപുരം, പി. ഉബൈദുള്ള എന്നിവര്‍ കൈ കൊടുത്തു. കെടി ജലീലിനൊപ്പമാണ് നിയമസഭയുടെ ഒന്നാം നിലവരെ അന്‍വര്‍ എത്തിയത്. അന്‍വര്‍ സഭയിലെത്തിയപ്പോള്‍ ഡസ്‌കില്‍ അടിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ സന്തോഷം പ്രകടിപ്പിച്ചു. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ച ശേഷമാണ് അന്‍വര്‍ സഭയിലേക്ക് കടന്നെത്തിയത്.

സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരുടെയും മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും.പൊലീസില്‍ വിശ്വാസമില്ലെന്നും പി വി അന്‍വര്‍ എംഎല്‍എ പ്രതികരിച്ചു. പൊലീസില്‍ വിശ്വാസമില്ല, ഗവര്‍ണറെ കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും അന്‍വര്‍ ഇന്ന് പറഞ്ഞു. സഭയില്‍ പ്രതിപക്ഷ നിരയില്‍ ഇരിക്കില്ലെന്ന് പറഞ്ഞ അന്‍വര്‍ താന്‍ സ്വതന്ത്ര ബ്ലോക്ക് ആവശ്യപ്പെട്ടെന്നും വ്യക്തമാക്കി. പ്രത്യേക ബ്ലോക്ക് അനുവദിച്ചുവെന്നും അന്‍വര്‍ വ്യക്തമായി.