Top NewsWorld

ആഘോഷങ്ങള്‍ക്ക് അതിരുകളില്ല, പാകിസ്താനിലെ കറാച്ചിയിൽ വർണ്ണാഭമായ നവരാത്രി ആഘോഷം

Spread the love

കറാച്ചിയില്‍ നടക്കുന്ന 4 ദിവസത്തെ നവരാത്രി ആഘോഷങ്ങളുടേ വിഡിയോ പങ്കുവച്ച് പാകിസ്താനി ഇൻഫ്ളുവൻസർ. ആഘോഷങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും അതിരുകളില്ല എന്ന സന്ദേശമാണ് ഈ കാഴ്ച പകര്‍ന്നു നല്‍കുന്നത്.

പാകിസ്താൻ സ്വദേശിയായ ധീരജ് മന്ധൻ ആണ് വിഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഇദ്ദേഹം പങ്കുവച്ച വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇന്ത്യ ടുഡേ, ഇന്ത്യൻ എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

കറാച്ചിയിലെ ഈ നവരാത്രി ആഘോഷത്തിന്റെ ദൃശ്യം അത്ര അറിയപ്പെടാത്ത പാകിസ്താൻ്റെ ചിത്രമാണ് സമ്മാനിക്കുന്നത്. അതുപോലെ ജനങ്ങള്‍ക്കിടയിലെ ഐക്യവും. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കറാച്ചിയിലെ തെരുവുകളില്‍ പ്രകാശിച്ച് നില്‍ക്കുന്ന വിളക്കുകളും അലങ്കാരങ്ങളും, വര്‍ണ്ണാഭമായ വസ്ത്രങ്ങള്‍ ധരിച്ച് പരമ്പരാഗതമായ നൃത്തച്ചുവടുകള്‍ വയ്ക്കുന്ന സ്ത്രീകളും കുട്ടികളും, ദുര്‍ഗ്ഗാദേവിയുടെ അലങ്കരിച്ച വലിയ ചിത്രവുമെല്ലാമാണ് വിഡിയോയിലുള്ളത്.

‘പാകിസ്താനിലെ കറാച്ചിയിലെ നാലാം ദിവസത്തെ നവരാത്രി ആഘോഷം. മന്ദിറും മസ്ജിദും ഗുരുദ്വാര പള്ളിയും കാണാവുന്ന ഒരു പ്രദേശമുണ്ടിവിടെ. ഈ സ്ഥലത്തെ ‘ മിനി ഇന്ത്യ’ എന്നാണ് വിളിക്കുന്നത്. പക്ഷേ ഇതിനെ നമ്മുടെ പാകിസ്താന്‍ എന്ന് വിളിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്’ മന്ധന്‍ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.

സ്വന്തം സ്ഥലത്ത് ആദ്യമായി നവരാത്രി ആഘോഷങ്ങള്‍ നടക്കുന്നതിന്റെയും എല്ലാവരും സ്‌നേഹത്തോടെ ഒരുമിച്ച് നൃത്തം ചെയ്തും പരസ്പര സ്‌നേഹത്തോടെ ആഘോഷങ്ങളെ കാണുന്നതുമെല്ലാം ആഹ്ളാദഭരിതമായ മുഹൂര്‍ത്തങ്ങളാണെന്നും മന്ധന്‍ പറയുന്നുണ്ട്.