Tuesday, October 8, 2024
Latest:
KeralaTop News

സമൂഹത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ വരെ വിദ്വേഷ പ്രചാരണം നടക്കുന്നു, സൈബര്‍ ആക്രമണ പരാതിയില്‍ നടപടി വേണം’; മുഖ്യമന്ത്രിക്ക് കത്തുമായി മനാഫ്

Spread the love

തനിക്കെതിരെ സൈബര്‍ ഇടത്തില്‍ നടക്കുന്ന വിദ്വേഷ പ്രചാരണത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതിയുമായി ഷിരൂരില്‍ മരിച്ച അര്‍ജുന്റെ ലോറിയുടെ ഉടമ മനാഫ്. തനിക്കെതിരായ സൈബര്‍ ആക്രമണത്തിനെതിരെ കോഴിക്കോട് സിറ്റ് പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മനാഫ് മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുന്നത്. വിദ്വേഷ പ്രചാരണം അവസാനിപ്പിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയാണ് തന്റേതെന്ന് മനാഫ് പരാതിയില്‍ ചൂണ്ടിക്കാട്ടി. അടിയന്തര ശ്രദ്ധ വേണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും കത്തിലൂടെ മനാഫ് ആവശ്യപ്പെട്ടു.

ഷിരൂര്‍ മണ്ണിടിച്ചിലില്‍പ്പെട്ട് മരിച്ച അര്‍ജുന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ അര്‍ജുന്റെ കുടുംബം മനാഫിനെതിരെ ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങളും മനാഫിന്റെ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴി വച്ചത്. ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ പക്ഷം ചേര്‍ന്ന് അഭിപ്രായങ്ങളുന്നയിക്കുകയും അര്‍ജുന്റെ കുടുംബത്തിന് നേരെയും മനാഫിന് നേരെയും സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകുകയും ചെയ്തു. ഇരുകൂട്ടരും തമ്മിലുള്ള നീരസങ്ങള്‍ പറഞ്ഞുതീര്‍ന്നെങ്കിലും സോഷ്യല്‍ മീഡിയയിലെ വിദ്വേഷ പ്രചരണങ്ങള്‍ തുടരുകയാണെന്നാണ് മനാഫ് പറയുന്നത്.

തന്റെയും അര്‍ജുന്റേയും മതവിഭാഗങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി വിദ്വേഷ പ്രചാരണം സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ മനാഫ് പറയുന്നു. ഇത്തരം മെസേജുകള്‍ സമൂഹത്തില്‍ മതസ്പര്‍ധ വളരാന്‍ കാരണമാകുമെന്ന് മനാഫ് ചൂണ്ടിക്കാട്ടി. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും തന്നേയും തന്റെ കുടുംബത്തേയും തന്റെ മതവിശ്വാസത്തേയും അവഹേളിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മനാഫ് ആവശ്യപ്പെട്ടു.