Tuesday, October 8, 2024
Latest:
NationalTop News

ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത സ്വതന്ത്രയായി വിജയിച്ചു, ഹിസാര്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ച സാവിത്രി ജിന്‍ഡാലിന്റെ ആസ്തി 270 കോടി

Spread the love

ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത സാവിത്രി ജിന്‍ഡാല്‍ സ്വതന്ത്രയായി വിജയിച്ചു. ഹരിയാനയിലെ ഹിസാര്‍ മണ്ഡലത്തില്‍ നിന്നാണ് സാവിത്രി ജനവിധി തേടിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റാം നിവാസ് റാറയെയാണ് സാവിത്രി പരാജയപ്പെടുത്തിയത്. ബിജെപി സീറ്റ് നിഷേധിച്ചതോടെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം സ്വതന്ത്രയായി മത്സരിക്കാന്‍ സാവിത്രി ജിന്‍ഡാല്‍ പത്രിക നല്‍കിയത്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത് പ്രകാരം 270 കോടി രൂപയാണ് സാവിത്രിയുടെ ആസ്തി. വ്യവസായിയായ ഒപി ജിന്‍ഡാല്‍ ഭര്‍ത്താവാണ്. ഒപി ജിന്‍ഡാല്‍ ഗ്രൂപ്പ്‌സിന്റെ ചെയര്‍പേഴ്‌സണ്‍ കൂടിയാണവര്‍. 2024ലെ ഫോബ്‌സ് പട്ടിക പ്രകാരം ഈ 75 കാരിയാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിത. 39.5 ബില്യണ്‍ ഡോളറാണ് ഇവരുടെ ആസ്തി എന്ന് ഫോബ്‌സ് വ്യക്തമാക്കുന്നു. രേഖ ജുന്‍ജുന്‍വാലയാണ് പട്ടികയില്‍ സാവിത്രിക്ക് പിന്നില്‍. 2014ലെ തെരഞ്ഞെടുപ്പില്‍ 108.17 കോടി രൂപയാണ് തന്റെ ആസ്തി എന്നാണ് സാവിത്രി വ്യക്തമാക്കിയിരുന്നത്. 2009ല്‍ ഇത് 44 കോടിയായിരുന്നു.

സമ്പന്നതയുടെ കണക്ക്

സേവിംങ്‌സ് ബാങ്ക് അക്കൗണ്ടില്‍ 48,000 രൂപയാണുള്ളത്. സാവിത്രിക്ക് സ്വന്തം പേരില്‍ വാഹനങ്ങളില്ല. അതേസമയം മ്യൂച്വല്‍ ഫണ്ടില്‍ വന്‍തോതില്‍ നിക്ഷേപങ്ങളുണ്ട്. 55 ലക്ഷമാണ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപമായി ആക്‌സിസ് ഓള്‍ സീസണ്‍സ് ഡെബ്റ്റ് ഫണ്ട് ഓഫ് ഫണ്ട്‌സില്‍ ഉള്ളത്. ഭാരത് ബോണ്ട് എഫ്ഒഎഫില്‍ 164 ലക്ഷം രൂപയും ഐസിഐസി പ്രുഡന്‍ഷ്യല്‍ മീഡിയം ടേം ബോണ്ട് ഫണ്ട് ഗ്രോത്തില്‍ 251.4 ലക്ഷവും ഐസിഐസി പ്രുഡന്‍ഷ്യല്‍ ബാലന്‍സ്ഡ് അഡ്വാന്റേഡ് ഫണ്ട് റഗുലര്‍ ഗ്രോത്തില്‍ 310 ലക്ഷവും എച്ച്ഡിഎഫ്‌സി ഹൈബ്രിഡ് ഫണ്ട് റഗുലര്‍ ഗ്രോത്തില്‍ 239 ലക്ഷവും എസ്ബിഐ ഇക്വിറ്റി ഹൈബ്രിഡ് ഫണ്ടില്‍ 402 ലക്ഷവും എസ്ഡിപി ബ്ലാക്ക് റോക്ക് ഫോക്കസ് 25 ഫണ്ടില്‍ 140 ലക്ഷം രൂപയും നിക്ഷേപം സാവിത്രിക്കുണ്ട്.

ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡില്‍ 9,481 ലക്ഷം രൂപ മൂല്യം വരുന്ന ഓഹരിയാണ് സാവിത്രിക്കുള്ളത്. ജെഎസ്ഡബ്ല്യു സ്റ്റീല്‍ ലിമിറ്റഡില്‍ 625 കോടിയുടെ ഓഹരിയും ഡിന്‍ഡാല്‍ സ്‌റ്റെയിന്‍ലസ് ലിമിറ്റഡില്‍ 1,814 ലക്ഷത്തിന്റെ ഓഹരിയുമുണ്ട്. ജിന്‍ഡാല്‍ സോ ലിമിറ്റഡില്‍ 449 ലക്ഷത്തിന്റെ ഓഹരിയും ജെഎസ്ഡബ്ല്യു ഹോള്‍ഡിങ്‌സില്‍ 124 ലക്ഷം രൂപയുടെ ഓഹരിയും സാവിത്രിക്കുണ്ട്. ഇതൊന്നും കൂടാതെ 20 കോടി രൂപ മൂല്യമുള്ള വജ്രം, വെള്ളി ആഭരണങ്ങളും സത്യവാങ്മൂലത്തില്‍ പറയുന്നത് പ്രകാരം സാവിത്രിക്കുണ്ട്.

രാഷ്ട്രീയ യാത്ര

ഹിസാറില്‍ നിന്ന് രണ്ടു തവണ സാവിത്രി വിജയിച്ച് എംഎല്‍എ ആയിട്ടുണ്ട്. 2005ല്‍ കോണ്‍ഗ്രസ് എംഎല്‍എ ആയാണ് ആദ്യമായി അവര്‍ ഹരിയാന നിയമസഭയിലെത്തുന്നത്. 2009ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2013ല്‍ ഭൂപീന്ദര്‍ ഹൂഡ മന്ത്രിസഭയില്‍ അംഗമായിരുന്നു. എന്നാല്‍ 2014ല്‍ നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെട്ടു. ഈ വര്‍ഷം മാര്‍ച്ചിലാണ് സാവിത്രി കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടത്. മകന്‍ നവീന്‍ ജിന്‍ഡാലും പാര്‍ട്ടി വിടുകയും പിന്നീട് ബിജെപിയില്‍ ചേരുകയും ചെയ്തു. നിലവില്‍ കുരുക്ഷേത്രയിലെ ബിജെപി എംപി കൂടിയാണ് നവീന്‍ ജിന്‍ഡാല്‍.