KeralaTop News

ഒറ്റക്കപ്പലിൽനിന്ന് 10000 കണ്ടെയ്നറുകൾ കൈമാറ്റം, രാജ്യത്ത് തന്നെ അപൂർവം; വിഴിഞ്ഞം ഇന്ത്യയുടെ ലെവല്‍ മാറ്റുന്നു

Spread the love

ഒരു കപ്പലിൽനിന്ന് 10330 കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്ത് വിഴിഞ്ഞം തുറമുഖത്തിന് റെക്കോഡ്‌ നേട്ടം. രാജ്യത്തെ തുറമുഖങ്ങളിൽ തന്നെ ഒരു കപ്പലിൽനിന്ന് നിന്ന് നടന്ന ഏറ്റവും വലിയ കണ്ടെയ്‌നർ നീക്കങ്ങളിൽ ഒന്നാണിത്.സംസ്ഥാനത്ത് ആദ്യമായാണ് ഒറ്റക്കപ്പലിൽനിന്ന് 10,000 കണ്ടെയ്‌നർ നീക്കം നടക്കുന്നത്.

തുറമുഖത്തിന്റെ കമ്മിഷനിങ്ങിന് മുന്നോടിയായുള്ള ട്രയൽ റൺ സമയത്ത് തന്നെ ഇതുവരെ 20 കപ്പലുകൾ വിഴിഞ്ഞത്ത് എത്തി. ഇതിൽ 15-ഉം ലോകത്തെ ഏറ്റവും വലിയ കപ്പൽ കമ്പനിയായ എം.എസ്.സി.യുടെതാണ്. ഇതുവരെ 50000-ലധികം കണ്ടെയ്‌നറുകളുടെ നീക്കം നടന്നുകഴിഞ്ഞു.

സെപ്റ്റംബർ 27-ന് വിഴിഞ്ഞത്തെത്തിയ എം.എസ്.സി.യുടെ (മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി) അന്ന എന്ന കപ്പലിൽനിന്ന് കണ്ടെയ്‌നർ ഇറക്കിയും തിരികെ കണ്ടെയ്‌നറുകൾ കയറ്റിയുമാണ് നേട്ടം കൈവരിച്ചത്. മൂന്നുദിവസം കൊണ്ടാണ് ഇത്രയും കണ്ടെയ്‌നറുകളുടെ നീക്കം നടന്നത്.

വിഴിഞ്ഞം തുറമുഖത്തടുത്ത ഏറ്റവും വലിയ രണ്ടാമത്തെ കപ്പലാണ് എം.എസ്.സി. അന്ന മദർഷിപ്പ്. 399.98 മീറ്റർ നീളവും 58.6 മീറ്റർ വീതിയുമുള്ള കപ്പലിന് 14.7 മീറ്റർ ആഴവുമുണ്ട്. ചരക്ക് കയറ്റിറക്കുമതിക്ക് ശേഷം സെപ്റ്റംബർ 30-ന് കപ്പൽ ശ്രീലങ്കയിലെ കൊളംബോയിലേക്ക് മടങ്ങിയിരുന്നു.