ഓംപ്രകാശിന്റെ ലഹരി കേസ് : റിമാന്റ് റിപ്പോര്‍ട്ടില്‍ പേരുള്ള സിനിമ താരങ്ങളെ ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡിസിപി
ഓംപ്രകാശിന്റെ ലഹരി കേസുമായി ബന്ധപ്പെട്ട റിമാന്റ് റിപ്പോര്‍ട്ടില്‍ പേര് വന്ന സിനിമ താരങ്ങളെ ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡിസിപി കെ എസ് സുദര്ശന്. കൂടുതല്‍ തെളിവുകള്‍ ലഭ്യമായ ശേഷമാകും ചോദ്യം ചെയുക. റിമാന്‍ന്റ് റിപ്പോര്‍ട്ടില്‍ പേരുള്ള എല്ലാവരേം ചോദ്യം ചെയ്യുമെന്ന് ഡിസിപി അറിയിച്ചു. ഡി ജെ പാര്‍ട്ടിയെക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓം പ്രകാശിന്റെ മുറിയില്‍ നിന്ന് പിടിച്ചെടുത്ത ലഹരിവസ്തുക്കള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലം വന്നശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കും – അദ്ദേഹം വിശദമാക്കി.
പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും ഓംപ്രകാശിന്റെ മുറി സന്ദര്‍ശിച്ചു എന്നാണ് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്നലെ ഹോട്ടലിലെ രജിസ്റ്റര്‍ പരിശോധിച്ച ഘട്ടത്തിലാണ് ഇതില്‍ ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാര്‍ട്ടിന്റെയും പേര് ശ്രദ്ധയില്‍ പെട്ടത്. ചോദ്യം ചെയ്യലില്‍ ഇരുവരും തന്നെ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് ഓം പ്രകാശ് സ്ഥിരീകരിക്കുകയും ചെയ്തു. ഏത് പശ്ചാത്തലത്തിലാണ് ഈ സിനിമ താരങ്ങള്‍ക്ക് ക്രിമിനലായ ഓംപ്രകാശുമായി ബന്ധം എന്നതാണ് ഉയരുന്ന ചോദ്യം. സിനിമാ മേഖലയിലേക്കും കേസിന്റെ അന്വേഷണം നീളും എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. എന്നാല്‍, താരങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ ലഹരിക്കേസുമായി ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നില്ല.
ഇന്നലെയാണ് എക്സൈസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ ഒരു ആഢംബര ഹോട്ടലില്‍ നിന്ന് ഓംപ്രകാശിനെയും മറ്റുള്ളവരെയും കസ്റ്റഡിയിലെടുത്തത്. ലഹരി കൈവശം വെച്ചതായിരുന്നു കേസ്. ഓംപ്രകാശിനെതിരെ ആരോപണങ്ങള്‍ മാത്രമാണ് ഉള്ളതെന്ന് ഇയാളുടെ അഭിഭാഷകന് പ്രതികരിച്ചു.