KeralaTop News

അനധികൃത പാറമട പൂട്ടിക്കാൻ നടപടിയില്ല; കട്ടപ്പന കറുവാക്കുളത്ത് ദിവസേന പൊട്ടിച്ചു കടത്തുന്നത് 100 ലോഡിൽ അധികം പാറ

Spread the love

നിയമങ്ങൾ കാറ്റിൽ പറത്തി കട്ടപ്പന കറുവാക്കുളത്ത് അനധികൃത പാറമടയുടെ പ്രവർത്തനം. നാട്ടുകാർ നിരന്തരം പരാതി നൽകിയിട്ടും ദിവസേന പൊട്ടിച്ച് കടത്തുന്നത് 100 ലോഡിലധികം പാറ. മൈനിംഗ് ആൻറ് ജിയോളജി വകുപ്പും റവന്യൂ വകുപ്പും പലതവണ നൽകിയ നിരോധന ഉത്തരവ് വെറും പേപ്പർ മാത്രമായി മാറി.

പാറമടയോ അനധികൃത ഖനനമോ ഒരു കാരണവശാലും അനുവദിക്കാത്ത കട്ടപ്പന വില്ലേജിൽ ഉൾപ്പെട്ട കുത്തക പാട്ട സ്ഥലം പുലർച്ചെ നാലുമണി മുതൽ അവിടെ ലോഡ് കണക്കിന് പാറ പൊട്ടിച്ചു കടത്തുകയാണ്. മാസങ്ങളായി പ്രവർത്തിക്കുന്ന പാറമടക്കെതിരെ ജില്ല കളക്ട‌ർക്ക് നാട്ടുകാർ മൂന്നുതവണ പരാതി നൽകി. പിന്നാലെ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് രണ്ട് തവണ സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും പാറമടയുടെ പ്രവർത്തനം തുടരുകയാണ്.

ഏലത്തോട്ടത്തിൽ കുളം നിർമ്മിക്കുകയാണെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചാണ് പാറ ഖനനം. സമീപത്തുണ്ടായിരുന്ന മറ്റൊരു പാറമട നാട്ടുകാരുടെ പരാതിയെ തുടർന്ന് നേരത്തെ പൂട്ടിയിരുന്നു. ഇതോടൊപ്പം ഇടുക്കിയിൽ തങ്കമണി, ഉപ്പുതോട്, കാഞ്ചിയാർ, ചതുരംഗപ്പാറ, പാറത്തോട്, വാഗമൺ, ഏലപ്പാറ എന്നിവിടങ്ങളിലും അനധികൃത പാറഖനനം നടക്കുന്നതായി കളക്ടർക്ക് ജില്ല ജിയോളജിസ്റ്റ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. സംഭവം സംബന്ധിച്ച് പൊലീസ് സ്പെഷ്യൽ ബ്രാഞ്ചും റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.