KeralaTop News

ഉത്തരവിലും സംരക്ഷണം; എഡിജിപിയെ സ്ഥലം മാറ്റി ഉത്തരവിറങ്ങി; നടപടിയുടെ ഭാ​ഗമെന്ന് പരാമർശം ഇല്ല

Spread the love

എഡിജിപി എംആർ അജിത് കുമാറിനെതിരെ സ്ഥലം മാറ്റിയുള്ള ഉത്തരവ് പുറത്തിറങ്ങി. സാധാരണ സ്ഥലം മാറ്റം ഉത്തരവാണ് സർക്കാർ പുറത്തിറക്കിയിരിക്കുന്നത്. നടപടിയുടെ ഭാ​ഗമായാണ് സ്ഥലം മാറ്റമെന്ന് പരാമർശം ഇല്ല. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ വാർത്താക്കുറിപ്പിലും അജിത് കുമാറിന് സ്ഥലം മാറ്റം എന്ന് മാത്രമാണ് പരാമർശിച്ചിരുന്നത്.

സർക്കാർ ഉത്തരവിൽ നടപടിയുടെ വിശദാംശങ്ങളില്ല. മാറ്റം എന്തിനാണെന്ന് ഉത്തരവിൽ പറയുന്നില്ല. ഇത് രണ്ടാം തവണയാണ് അജിത്കുമാറിനെ പ്രധാന ചുമതലയിൽ നിന്നും മാറ്റുന്നത്. മുൻപ് വിജിലൻസ് മേധാവിയുടെ ചുമതലയിൽ നിന്നും മാറ്റിയിരുന്നു. സ്വർണ്ണക്കടത്തു വിവാദത്തിലെ അനാവശ്യ ഇടപെടലിൽ ആയിരുന്നു നടപടി. പിന്നാലെ വിജയ് സാക്കറേ ക്രമസമാധാന ചുമതലയിൽ നിന്നും മാറിയപ്പോൾ അജിത്കുമാറിനെ നിയമിച്ചു. പി.ശശിയുടെ ഇടപെടലിൽ ആണ് അജിത്കുമാറിനെ തിരികെ കൊണ്ടു വന്നതെന്ന് പ്രതിപക്ഷം അന്ന് ആരോപണം ഉന്നയിച്ചിരുന്നു.

ഇപ്പോൾ പിവി അൻവർ എംഎൽ‌എയുടെ ആരോപണങ്ങൾക്ക് പിന്നാലെ നടന്ന അന്വേഷണത്തിലാണ് നടപടി എടുത്തിയിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോർട്ടിന് പിന്നാലെയാണ് പൊലീസ് സേനയിലെ രണ്ടാമനെതിരെ നടപടിയെടുത്തിരിക്കുന്നത്. എഡിജിപി എം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് സായുധ പോലീസ് ബറ്റാലിയനിലേക്കാണ് മാറ്റിയത്. നേരത്തെ എഡിജിപി എം ആർ അജിത് കുമാറുമായി ബന്ധപ്പെട്ട് ഉയർന്ന വിഷയങ്ങളിൽ സംസ്ഥാന പോലീസ് മേധാവിയും പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും അന്വേഷിച്ച റിപ്പോർട്ടുകൾ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു.