KeralaTop News

എഡിജിപിക്കെതിരെ നടപടി? ആഭ്യന്തര വകുപ്പിൽ തിരക്കിട്ട നീക്കങ്ങൾ; മുഖ്യമന്ത്രി സെക്രട്ടറിയേറ്റിൽ

Spread the love

എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടിയ്ക്ക് സാധ്യത. മുഖ്യമന്ത്രി പിണറായി വിജയൻ രാത്രി സെക്രട്ടറിയേറ്റിൽ എത്തി മടങ്ങി. അസാധാരണ സാഹചര്യങ്ങളിലാണ് മുഖ്യമന്ത്രി ഞായറാഴ്ച സെക്രട്ടറിയേറ്റിൽ എത്താറുള്ളത്. എഡിജിപി എം.ആർ അജിത്കുമാറിനെതിരെയുള്ള നടപടിയിൽ തീരുമാനം ഉടൻ ഉണ്ടാകും. എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിലാണ് നടപടി.

ആഭ്യന്തര വകുപ്പിൽ തിരക്കിട്ട നീക്കങ്ങൾ നടക്കുന്നതായി സൂചന. സെക്രട്ടറിയേറ്റിൽ എത്തിയ മുഖ്യമന്ത്രി എട്ടു മണിയോടെയാണ് മടങ്ങിയത്. മുഖ്യമന്ത്രി ഓഫീസിൽ ഒരു മണിക്കൂറോളം ചിലവഴിച്ചു. എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയേക്കുമെന്നാണ് സൂചന. സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോർട്ടിനു പിന്നാലെയാണ് നടപടി.

അധികാരസ്ഥാനത്തില്ലാത്ത രാഷ്ട്രീയ നേതാക്കളുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി രഹസ്യ കൂടിക്കാഴ്ച നടത്തിയത് സിവിൽ സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് റിപ്പോർട്ടിലുള്ളതായി കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. ഔദ്യോഗിക വാഹനം അടക്കം ഉപേക്ഷിച്ച് രഹസ്യമായി സന്ദർശിച്ച നടപടിയിൽ ചട്ടലംഘനമുണ്ടായെന്നായിരുന്നു ഡി.ജി.പിയുടെ കണ്ടെത്തൽ. നാളെ നിയമസഭാ സമ്മേളനം പുനരാരംഭിക്കുന്നതിന് മുമ്പ് റിപ്പോർട്ടിന്മേൽ നടപടി എടുക്കാനാണ് നീക്കം.