KeralaTop News

രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ് ചെന്നൈയില്‍ പോയത്, മറ്റൊന്നും പുറത്തുവിടാറായിട്ടില്ല:പി വി അന്‍വര്‍

Spread the love

പുതിയതായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കത്തിനിടെ താന്‍ ചെന്നൈയിലേക്ക് പോയത് രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായി തന്നെയെന്ന് സ്ഥിരീകരിച്ച് പി വി അന്‍വര്‍. തന്നോടൊപ്പം കൂടെ കൂട്ടാന്‍ കഴിയുന്നവരുമായൊക്കെ ചര്‍ച്ച നടത്തുമെന്ന് പി വി അന്‍വര്‍ വാര്‍ത്താ സമ്മേളനത്തിലൂടെ പറഞ്ഞു. മുഴുവന്‍ വിവരങ്ങളും പുറത്തുവിടാറായിട്ടില്ല. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിന് ചില സാങ്കേതിക തടസങ്ങളുണ്ട്. ഇന്ന് വൈകീട്ട് മഞ്ചേരിയില്‍ നടക്കുന്ന പരിപാടിയില്‍ ഡിഎംകെ നിരീക്ഷകര്‍ ഉള്‍പ്പെടെ പങ്കെടുക്കുമെന്നും പി വി അന്‍വര്‍ സൂചിപ്പിച്ചു. എല്‍ഡിഎഫില്‍ നിന്ന് പുറത്താക്കിയതായുള്ള ഒരു അറിയിപ്പും തനിക്ക് ഇതേവരെ ലഭിച്ചിട്ടില്ലെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉള്‍പ്പെടെ എഡിജിപിക്കെതിരായി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറാനിരിക്കെ ഈ വിഷയത്തിലും അന്‍വര്‍ പ്രതികരണമറിയിച്ചു. ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ കാര്യമില്ലെന്നാണ് അന്‍വര്‍ പറയുന്നത്. താന്‍ ഉന്നയിച്ച വിഷയങ്ങള്‍ വച്ച് മാത്രം എഡിജിപി എം ആര്‍ അജിത് കുമാറിനെ പുറത്താക്കാനാകുമായിരുന്നെന്ന് അന്‍വര്‍ പറഞ്ഞു. ഇങ്ങനെ കസേര കളി നടത്തേണ്ടയാളല്ല എഡിജിപി. അദ്ദേഹം സീമന്ത പുത്രനാണല്ലോ ഇപ്പോഴും അജിത് കുമാറിനെ കെട്ടിപ്പിടിച്ചിരിക്കുകയാണല്ലോ എന്നും അന്‍വര്‍ പരിഹസിച്ചു. മുഖ്യമന്ത്രി, പൊളിറ്റിക്കല്‍ സെക്രട്ടറി, അജിത് കുമാര്‍ നെക്‌സസ് പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണവും അന്‍വര്‍ ആവര്‍ത്തിച്ചു.

കണ്ണൂരിനെ അന്‍വറിന് അറിയില്ലെന്ന ഡിവൈഎഫ്‌ഐ ആരോപണത്തിന് അന്‍വര്‍ ഇന്ന് മറുപടി പറഞ്ഞു. പറഞ്ഞത് നേതാക്കളല്ലേ, ഭൂമിയിലിറങ്ങി താഴെയുള്ള അണികളോട് അവര്‍ ചോദിച്ചുനോക്കൂ എന്നായിരുന്നു അന്‍വറിന്റെ മറുപടി. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സമാന നിലയില്‍ തന്നെയാണ് അന്‍വര്‍ മറുപടി നല്‍കിയത്. തന്റെ ആരോപണങ്ങളെ ഗൗരവതരമായി കാണുന്നുണ്ടോ എന്ന് നേതാക്കള്‍ സാധാരണ സഖാക്കളോട് ചോദിക്കണമെന്നും അന്‍വര്‍ തിരിച്ചടിച്ചു.

കരിപ്പൂരില്‍ സ്വര്‍ണം കടത്തി പിടിക്കപ്പെടുന്നവരില്‍ 99 ശതമാനത്തിലേറെ മുസ്ലീം നാമധാരികളെന്ന കെ ടി ജലീലിന്റെ പ്രസ്താവനയിലും അന്‍വര്‍ പ്രതികരണം നടത്തി. ജലീല്‍ ഇങ്ങനെ തരംതാഴുമെന്ന് വിശ്വസിക്കുന്നില്ല. ജലീല്‍ തന്റെ പൊതുജീവിതത്തില്‍ നടത്തിയ ഏറ്റവും മോശം പ്രസ്താവനയാണിതെന്നും അദ്ദേഹം ആഞ്ഞടിച്ചു. തമിഴ്‌നാട്ടില്‍ എം കെ സ്റ്റാലിന്‍ ബിജെപിയുടെ വരവ് എല്ലാ വിധേനെയും തടയാന്‍ ശ്രമിക്കുമ്പോള്‍ ഇവിടെ ഒരു സീറ്റ് ബിജെപിക്ക് നല്‍കാന്‍ ശ്രമിക്കുകയാണ് ഇവിടുത്തെ മുഖ്യമന്ത്രി ചെയ്തതെന്നും അദ്ദേഹം ആഞ്ഞടിച്ചു.