KeralaTop News

‘ഈശ്വര്‍ മല്‍പെ’ ഭിന്നശേഷിക്കാരായ മൂന്ന് മക്കളുടെ പിതാവ്, ഉഡുപ്പിക്കാരുടെ മുള്ളൻകൊല്ലി വേലായുധൻ; രക്ഷപ്പെടുത്തിയത് നിരവധി ജീവനുകളെ

Spread the love

ഷിരൂരിൽ അർജുനെ കാണാതായ നിമിഷം മുതൽ വാർത്തകളിൽ ഇടംപിടിച്ച വ്യക്തിയാണ് ഈശ്വർ മൽപെ. നിരവധി ദുരന്തമുഖങ്ങളിൽ സ്വന്തം ജീവൻ പണയം വച്ച് രക്ഷാപ്രവർത്തനം നടത്തുന്ന 48കാരൻ. മരണത്തെ മുഖാമുഖം കണ്ട 20 ലേറെ ആളുകളെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയിയിട്ടുണ്ട്. 200ലേറെ പേരുടെ മൃതദേഹങ്ങൾ ആഴക്കയങ്ങളിലേക്ക് ഊളിയിട്ട് കരക്കെത്തിച്ചിട്ടുണ്ട് ഈശ്വർ മാൽപെ.

ഭാര്യക്കും രണ്ട് മക്കൾക്കുമൊപ്പം മൽപെ ബീച്ചിന് സമീപമാണ് താമസം. മൂന്ന് മക്കളാണുണ്ടായിരുന്നത്. മൂവരും ഭിന്നശേഷിക്കാർ. കിടന്ന കിടപ്പിൽതന്നെ കഴിയുന്നവർ. അതിൽ മൂത്ത മകൻ നിരഞ്ജൻ 21ാം വയസിൽ മരണപ്പെട്ടു. 21 വയസുള്ള മകൻ കാർത്തിക്കിനും ഏഴുവയസ്സുള്ള മകൾക്കും പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാൻ വരെ അമ്മയുടെയോ അച്ഛന്റെയോ സഹായം വേണം.

മൽപെയുടെ മാതാപിതാക്കൾ അടുത്തിടെയാണ് മരണപ്പെട്ടുപോയത്. അർജുന്റെ അപകടം നടന്നതിന് രണ്ടു ദിവസം മുന്നെയാണ് മാൽപെയുടെ മാതാവ് മരണപ്പെട്ടത്. എന്നിട്ടും അദ്ദേഹം തെരച്ചിലിനായി എത്തി.

ഭിന്നശേഷിക്കാരായ മക്കളുടെ ചികിത്സക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഏറെയുണ്ട്. എന്നാൽ പണം ഒരിക്കലും തന്നെ സ്വാധീനിച്ചിട്ടില്ലെന്ന് ഇദ്ദേഹം പറയുന്നു. സാമ്പത്തികമായി താൻ ഒന്നും ആഗ്രഹിക്കുന്നില്ല.

കിടപ്പിലായ മകന്റെ കണ്ണിൽ ഓടുമേഞ്ഞ വീടിന്റെ മേൽക്കൂരയിൽനിന്ന് പൊടിവീഴുന്നത് പ്ര​ശ്നം സൃഷ്ടിച്ചിരുന്നു. ഇത് ശ്രദ്ധയിൽ​പെട്ട ഒരു അഭ്യുദയകാംക്ഷിയാണ് അലൂമിനിയം ഷീറ്റ് വിരിച്ചുതന്നത്. പേര് ആരോടും പറയരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായും മൽപെ പറഞ്ഞു. മരിച്ച മകന്റെ പേരിൽ ഒരു ആംബുലൻസ് തുടങ്ങണമെന്നതാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം. രക്ഷാദൗത്യങ്ങൾക്ക് ഇത് മുതൽക്കൂട്ടാകും.

കർണാടകയിലെ ഷിരൂരിൽ ഉണ്ടായ വൻ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങളോടു മാൽപെ ഇന്നലെ പ്രതികരിച്ചിരുന്നു. ഷിരൂരിലെ അപകടത്തിൽ താൻ ചെയ്തത് ദൈവത്തിനറിയാം എന്നും പണത്തിനു വേണ്ടിയല്ല ഇത്തരം സേവനങ്ങൾ ചെയ്യുന്നതെന്നും മൽപെ പറഞ്ഞു.

അർജുൻ അപകടത്തിൽ പെടുന്നതിന് രണ്ടുദിവസം മുന്നേ അമ്മ മരിച്ചു, എന്നിട്ടും ഞാൻ തെരച്ചിലിന് വന്നു. എനിക്ക് ഒരു ഇൻഷുറൻസ് പോലും ഇല്ല. ട്വന്റി ഫോർ എൻകൗണ്ടർ പ്രൈമിൽ ആണ് ഈശ്വർ മാൽപെയുടെ പ്രതികരണം.

‘തന്റെ യുട്യൂബിൽനിന്നു കിട്ടുന്ന വരുമാനം ആംബുലൻസ് സർവീസിനാണു കൊടുക്കുന്നത്. ഒരിക്കലും പണത്തിനു വേണ്ടിയല്ല ഇത്തരം സേവനങ്ങൾ നടത്തുന്നത്. വ്യാജ പ്രചാരണമാണ് എനിക്കെതിരെ കേസുണ്ട് എന്നത്. ഷിരൂർ തിരച്ചിൽ വിഷയത്തിൽ താനിനി വിവാദത്തിനില്ല. ഞാൻ ചെയ്തത് എന്തെന്നു ദൈവത്തിനറിയാം, കണ്ടു നിന്നവർക്കും എല്ലാം അറിയാം. ഒരു തരത്തിലും പ്രശസ്തിക്ക് വേണ്ടി ചെയ്തതല്ല അതൊന്നും’’– ഈശ്വർ മൽപെ വ്യക്തമാക്കി.