NationalTop News

രജനീകാന്ത് ആശുപത്രി വിട്ടു; ആരോഗ്യനില തൃപ്തികരമെന്ന് അപ്പോളോ ആശുപത്രി

Spread the love

ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന നടന്‍ രജനീകാന്ത് ആശുപത്രി വിട്ടു. താരത്തിന്റെ ആരോഗ്യനില തൃപ്തികാരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഒരാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിങ്കളാഴ്ചയായിരുന്നു രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’യുടെ ഷൂട്ടിങിനിടെയാണ് പെട്ടെന്ന് ആരോഗ്യപ്രശ്‌നമാണ്ടായത്.

പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ രജനീകാന്തിന്റെ ബന്ധുക്കളെ വിളിച്ച് അദ്ദേഹത്തിന്റെ രോഗവിവരങ്ങള്‍ അന്വേഷിക്കുകയും വേഗം സുഖംപ്രാപിക്കാന്‍ ആശംസകള്‍ നേരുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ 30നാണ് രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയത്തില്‍ നിന്നുള്ള പ്രധാന രക്തക്കുഴലുകളിലെ വീക്കത്തിനാണ് അദ്ദേഹം ചികിത്സ തേടിയിരുന്നത്.

അടുത്ത വ്യാഴാഴ്ചയാണ് രജനീകാന്ത് നായകനാകുന്ന വേട്ടൈയാന്‍ എന്ന ചിത്രത്തിന്റെ റിലീസ്. ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ലൈക്കയുടെയും രജനീകാന്തിന്റെയും നാലാമത് കൂട്ടുകെട്ടാണ് ഈ ചിത്രം. മുന്‍പ് എന്തിരന്‍ 2, ദര്‍ബാര്‍, ലാല്‍സലാം സിനിമകളാണ് ഇതേ നിര്‍മ്മാണ കമ്പനിയുടെ കീഴില്‍ നിര്‍മ്മിച്ചവ. മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, റാണ ദഗ്ഗുബട്ടി, റിതിക സിംഗ്, ദുഷാര വിജയന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍. രോഹിണി, അഭിരാമി എന്നിവരും ചിത്രത്തിലുണ്ടാകും.