GulfKerala

സാമ്പത്തിക മേഖലയില്‍ സഹകരണം: ഖത്തറും സൗദിയും കരാറില്‍ ഒപ്പുവെച്ചു

Spread the love

സാമ്പത്തിക മേഖലയിലെ സഹകരണത്തിനുള്ള ധാരണാപത്രത്തില്‍ ഖത്തറും സൗദി അറേബ്യയും ഒപ്പുവച്ചു.ഖത്തര്‍ ധനകാര്യ മന്ത്രി അലി ബിന്‍ അഹമ്മദ് അല്‍ കുവാരിയും സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ജദാനുമാണ് ഇരു രാജ്യങ്ങള്‍ക്കും വേണ്ടി കരാറില്‍ ഒപ്പുവെച്ചത്.

‘സാമ്പത്തിക മേഖലയിലെ വൈദഗ്ധ്യവും വിവരങ്ങളും പരസ്പരം കൈമാറ്റം ചെയ്യേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് ധാരണാപത്രത്തില്‍ ഒപ്പിടുന്നത്. സാമ്പത്തിക മേഖലയിലെ വൈദഗ്ദ്യം പങ്കുവെക്കുകയും അതിന്റെ ഗുണഫലങ്ങള്‍ നേടുകയും ചെയ്യുന്നതോടൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും കൂടുതല്‍ ശക്തിപ്പെടുത്താനും കരാറിലൂടെ കഴിയും.’-ഖത്തര്‍ ധനകാര്യ മന്ത്രി മന്ത്രി അലി ബിന്‍ അഹമ്മദ് അല്‍ കുവാരി പറഞ്ഞു.

മൈക്രോ ഇക്കണോമിക് പോളിസി, പൊതുമേഖലാ നിയമങ്ങള്‍, മേഖലയിലെ സാമ്പത്തിക വളര്‍ച്ച വര്‍ധിപ്പിക്കുന്നതിനുള്ള നിയമനിര്‍മ്മാണം എന്നിവ ഉള്‍പ്പെടെ സാമ്പത്തിക മേഖലയില്‍ സൗദി അറേബ്യയും ഖത്തറും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ധാരണാപത്രമെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അല്‍ജദാന്‍ പ്രതികരിച്ചു. സാമ്പത്തിക നയങ്ങള്‍ വികസിപ്പിക്കാനും പൊതു സാമ്പത്തിക ഡാറ്റ വിശകലനം ചെയ്യാനും സാമ്പത്തിക നയങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട കാലാവസ്ഥാ വ്യതിയാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും കരാറിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍.