പിആർ ഏജൻസി അന്യ രാജ്യത്ത് നിന്ന് വന്നതല്ല, മുസ്ലീം ലീഗിന് പതിച്ചു കൊടുത്ത സ്ഥലമല്ല മലപ്പുറം; എ വിജയരാഘവൻ
ബോധപൂർവ്വം മുസ്ലിം സമുദായത്തിനകത്ത് തെറ്റുദ്ധാരണ ഉണ്ടാക്കാനാണ് ലീഗ് ശ്രമിക്കുന്നതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. വരാനിരിക്കുന്ന തിരഞ്ഞടുപ്പിനെ മുന്നിൽ കണ്ട് തെറ്റുദ്ധാരണ ഉണ്ടാക്കാൻ മുസ്ലിം ലീഗ് നേതൃത്വം ശ്രമിക്കുന്നുണ്ട് അതുകൊണ്ടാണ് ഇത്തരം വിഷയങ്ങളെ വർഗീയമായി ചിത്രീകരിക്കാൻ ഇവർ ശ്രമിക്കുന്നത് . ഇടതുപക്ഷ സ്വീകാര്യത ന്യൂനപക്ഷങ്ങൾക്കിടയിൽ വർധിക്കുകയാണുണ്ടായതെന്നും എ വിജയരാഘവൻ വ്യക്തമാക്കി.മുസ്ലീം ലീഗിന് പതിച്ചു കൊടുത്ത സ്ഥലമല്ല മലപ്പുറം,ഞങ്ങളൊക്കെ ഇവിടെയുള്ളവരാണ് മലപ്പുറത്തെ വർഗീയവത്കരിക്കുന്നത് സമൂഹത്തിന് ഗുണമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇംഗ്ലീഷ് ദിനപത്രമായ ദി ഹിന്ദുവിന് മുഖ്യമന്ത്രി പിണറായി വിജയൻ നല്‍കിയ അഭിമുഖത്തിലെ പിആർ ഏജൻസി വിവാദത്തിലും വിജയരാഘവൻ പ്രതികരിക്കുകയുണ്ടായി. പിആർ ഏജൻസി ഒരു വിഷയമല്ല, ഏജൻസി അന്യരാജ്യത്ത് നിന്ന് വന്നതല്ല, എല്ലാ വസ്തുതകളും മുഖ്യമന്ത്രി പറഞ്ഞതാണ് മാധ്യമങ്ങൾക്ക് ഒന്നും വ്യക്തമാകില്ല വിജയരാഘവൻ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയ്ക്ക് പി ആർ ഏജൻസിയുടെ ആവശ്യമില്ലെന്ന് ജോൺ ബ്രിട്ടാസ് പ്രതികരിച്ചു. മലപ്പുറത്തിന്റെ വികസനത്തിന് വേണ്ടി ഇടതുപക്ഷം ചെയ്തത് എല്ലാവർക്കും അറിയാം, മാധ്യമങ്ങൾ തന്നെ പിആർ ചെയ്യുന്നുണ്ടല്ലോയെന്നും ജോൺ ബ്രിട്ടാസ് എംപി പരിഹസിച്ചു.