KeralaTop News

അമ്മയിൽ തെരഞ്ഞെടുപ്പ് ഉടൻ ഉണ്ടാകില്ല; കൂടുതൽ താരങ്ങൾ കുടുങ്ങിയേക്കും എന്ന ആശങ്കയിൽ സംഘടന

Spread the love

താര സംഘടന അമ്മയിൽ തെരഞ്ഞെടുപ്പ് ഉടൻ ഉണ്ടാകില്ല. ഹേമ കമ്മറ്റി റിപ്പോർട്ടിലെ 20 പേർക്ക് എതിരായ മൊഴികളിൽ കേസ് എടുത്താൽ കൂടുതൽ താരങ്ങൾ കുടുങ്ങിയേക്കും എന്ന ആശങ്കയിലാണ് തീരുമാനം. നടന്മാർക്കെതിരായി ലൈംഗികപീഡന പരാതി നൽകിയ ആലുവ സ്വദേശിയായ നടിക്കെതിരെ എടുത്ത പോക്സോ കേസ് ചെന്നൈ ക്രൈം ബ്രാഞ്ചിനു കൈമാറും.

ഹേമ കമ്മിറ്റിക്ക് മുന്നിലുള്ള 20 ൽ അധികം മൊഴികൾ ഗുരുതര സ്വഭാവത്തിലുള്ളതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഈ മൊഴികളിൽ, തെരഞ്ഞെടുക്കപ്പെടുന്നവർക്കെതിരെയും ആരോപണം ഉണ്ടാകുമോ എന്ന ആശങ്കയുണ്ട്. ഇതാണ് താര സംഘടനയുടെ തെരഞ്ഞെടുപ്പിന് തടസ്സം. മത്സരിക്കാൻ ആളുകൾ മുന്നോട്ടു വരുന്നില്ല. പുതിയ ഭാരവാഹികളെ കണ്ടെത്തിയാലും പ്രശ്നങ്ങൾ തുടരും.

ഇതോടെയാണ് താൽക്കാലിക കമ്മിറ്റിയെ പരമാവധി നാൾ മുന്നോട്ടു കൊണ്ടുപോകാനുള്ള തീരുമാനം. സംഘടനാ ചട്ടപ്രകാരം ഒരു വർഷം വരെ തുടരാം. നിലവിലെ പ്രശ്നങ്ങളെല്ലാം ഒതുങ്ങിയ ശേഷമാകും തെരഞ്ഞെടുപ്പ്. അതേസമയം, നടന്മാർക്ക് എതിരെ പീഡന പരാതി ഉന്നയിച്ച ആലുവയിലെ നടിക്കെതിരായ പോക്സോ കേസ് ചെന്നൈ ക്രൈം ബ്രാഞ്ചിനു കൈമാറും. സംഭവം നടന്നത് ചെന്നൈയിൽ ആയതിനാലാണ് തീരുമാനം. റൂറൽ പൊലീസ് ഡിജിപിയ്ക്ക് റിപ്പോർട്ട്‌ നൽകി. നടി സോഷ്യൽ മീഡിയയിലൂടെ തന്നെ അപമാനിച്ചെന്ന ബാലചന്ദ്രമേനോന്റെ പരാതിയും ചെന്നൈ പോലീസിന് കൈമാറും.