ഡൽഹിയിൽ ഒക്ടോബർ 5 വരെ നിരോധനാജ്ഞ; ആൾക്കൂട്ടം പാടില്ല
സാമുദായിക വിഷയങ്ങളിലടക്കം ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഡൽഹിയിൽ ഒക്ടോബർ 5 വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് ഡൽഹി പൊലീസ് കമ്മീഷണർ സഞ്ജയ് അറോറ പുറപ്പെടുവിച്ചു. ന്യൂഡൽഹി സെൻട്രൽ, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് നിരോധാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. അഞ്ചുപേരിൽ കൂടുതലുള്ള ആൾക്കൂട്ടത്തിനും ധർണകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഭാരതീയ ന്യായ് സംഹിതയുടെ 163-ാം വകുപ്പ് പ്രകാരമാണ് പൊലീസിന്റെ നടപടി.
അതിനിടെ ലഡാക്കിന് സംസ്ഥാന പദവിയിടക്കം ആവശ്യപ്പെട്ട് ഗാന്ധി സമാധിയിലേക്ക് മാർച്ച് നടത്തുകയായിരുന്ന സാമൂഹ്യ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിനെയും അനുയായികളെയും ലഡാക്ക് എംപി ഹാജി ഹനീഫ ജാനെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ലഡാക്കിൽ വിവിധ സംഘടനകൾ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്.
നടപടിയിൽ ഡൽഹി മുഖ്യമന്ത്രി അതിഷിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും അപലപിച്ചു. ജനാധിപത്യവിരുദ്ധമായ നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും ഡൽഹി ഏകാധിപതികളുടെ കോട്ടയാണോയെന്നുമായിരുന്നു പ്രിയങ്ക ഗാന്ധിയുടെ വിമർശനം .