Saturday, October 5, 2024
KeralaTop News

എഡിജിപിക്കെതിരായ വിജിലന്‍സ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കണം: തിരുവനന്തപുരം വിജിലന്‍സ് കോടതി

Spread the love

എഡിജിപി എംആര്‍ അജിത്കുമാറിനെതിരായ വിജിലന്‍സ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് കോടതി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് നിര്‍ദേശിച്ചത്. ഡിസംബര്‍ 12ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. എ.ഡി.ജി.പിക്കും പി ശശിക്കും എതിരായ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. ഹര്‍ജി പരിഗണിക്കുമ്പോള്‍ സമാന അന്വേഷണം ആരംഭിച്ചെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു.തുടര്‍ന്നാണ് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ പിവി അന്‍വര്‍ നല്‍കിയ അനധികൃത സ്വത്ത് സമ്പാദനകേസ് ഡിജിപിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സിന് വിട്ടത്. വിജിലന്‍സിന്റെ അന്വേഷണം നടന്നു വരുന്നതിനിടെയാണിപ്പോള്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് കോടതി പറഞ്ഞത്.

അതേസമയം, മുഖ്യമന്ത്രി എഡിജിപി എംആര്‍ അജിത് കുമാറിനെ സംരക്ഷിക്കുന്നുവെന്ന് അന്‍വര്‍ ഇന്നലെ പിന്നെയും വിമര്‍ശിച്ചു. അജിത്ത് കുമാറിന് മുകളില്‍ പരുന്തും പറക്കില്ല. മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നുവെന്ന് അന്‍വര്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. പൊലിസിന്റെ മോശം പെരുമാറ്റം ഇടതു മുന്നണിയില്‍ നിന്ന് ജനങ്ങളെ അകറ്റുന്നുവെന്ന് പിവി അന്‍വര്‍ പറഞ്ഞു. കൊള്ള സംഘത്തെ വിഹരിക്കാന്‍ പോലീസ് അവസരം നല്‍കുന്നു. നല്ല പൊലീസ് ഉദ്യോഗസ്ഥരെ ഷണ്ഡീകരിച്ച് മൂലക്കിരുത്തിയെന്ന് അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രി ഒന്നും അറിയില്ല എന്ന നിലപാടിലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.