‘ജമാഅത്തെ ഇസ്ലാമി യുഡിഎഫിന്റെ സ്ലീപ്പിങ് പാര്‍ട്ണര്‍ ആയി പ്രവര്‍ത്തിക്കുന്നു’: മന്ത്രി പി എ മുഹമ്മദ് റിയാസ്
മുഖ്യമന്ത്രിയുടെ മലപ്പുറം പ്രസ്താവനയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. നടക്കുന്നത് പൊളിറ്റിക്കല്‍ അര്‍ജണ്ടയുടെ ഭാഗമായുള്ള വിവാദമെന്നും മുഖ്യമന്ത്രി മലപ്പുറത്തെ അവഹേളിച്ചിട്ടില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മുഖ്യമന്ത്രി തന്നെ വിഷയത്തില്‍ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമി യുഡിഎഫിന്റെ സ്ലീപ്പിങ് പാര്‍ട്ണര്‍ ആയി പ്രവര്‍ത്തിക്കുന്നുവെന്ന രൂക്ഷമായ വിമര്‍ശനവും റിയാസ് ഉന്നയിച്ചു.
മുഖ്യമന്ത്രി ‘ദ ഹിന്ദു’ ദിനപത്രത്തിനാണ് അഭിമുഖം നല്‍കിയിട്ടുള്ളത്. വിഷ്വല്‍ മീഡിയയ്ക്ക് അല്ല. മുഖ്യമന്ത്രി എന്ത് പറഞ്ഞു എന്നുള്ളത് അദ്ദേഹം തന്നെ വിശദീകരിക്കുമെന്ന് പ്രതീക്ഷിക്കുകയാണ്. ഹിന്ദുവില്‍ അച്ചടിച്ചു വന്ന കാര്യങ്ങള്‍ പരിശോധിച്ചാലും ഒരു തരത്തിലും ഏതെങ്കിലുമൊരു പ്രദേശത്തെ മോശമാക്കുന്നൊരു നിലപാട് കൈക്കൊണ്ടിട്ടില്ല. ഇതൊരു പൊളിറ്റിക്കല്‍ അജണ്ടയുടെ ഭാഗമാണെന്ന് നമുക്ക് വ്യക്തമായി മനസിലാക്കാന്‍ സാധിക്കും. ഈ പൊളിറ്റിക്കല്‍ അജണ്ട കേരളത്തില്‍ കഴിഞ്ഞ എട്ട് വര്‍ഷമായി പ്രതിപക്ഷത്തിരിക്കുന്ന യുഡിഎഫിന് വേണ്ടിയാണ്. കേരളത്തിന്റെ മുഖ്യമന്ത്രിയായാലും എല്‍ഡിഎഫ് ആയാലും എല്‍ഡിഎഫ് ഭരിച്ച സര്‍ക്കാരുകളായാലും മലപ്പുറം ജില്ലയുടെ വികസനത്തിന് വലിയ ഇടപെടല്‍ നടത്തിയിട്ടുണ്ട് – മുഹമ്മദ് റിയാസ് വ്യക്തമാക്കി.
യുഡിഎഫിന് എല്ലാ സഹായവും ചെയ്ത് നല്‍കുന്നത് ന്യൂനപക്ഷ വര്‍ഗീയത ഇനിയും ശക്തിപ്പെടണമെന്ന് ആഗ്രഹിക്കുന്ന ജമാഅത്തെ ഇസ്ലാമിയാണെന്ന് പറഞ്ഞ റിയാസ് യുഡിഎഫിന്റെ സ്ലീപ്പിങ് പാര്‍ട്ണര്‍ ആയാണ് ജമാഅത്തെ ഇസ്ലാമി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. ബിജെപി വിരുദ്ധ മനസുകളില്‍ മുഖ്യമന്ത്രിയുടെയും ഇടതുപക്ഷത്തിന്റെയും വിശ്വാസ്യത തകര്‍ക്കുക, അതിലൂടെ യുഡിഎഫിനെ അധികാരത്തിലെത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി യുഡിഎഫ്, ജമാഅത്തെ ഇസ്ലാമി, കനകോലു കേന്ദ്രങ്ങള്‍ ആലോചിക്കുന്നതാണ് ഇത്തരം കാര്യങ്ങള്‍. യുഡിഎഫിന്റെ സ്ലീപ്പിങ് പാര്‍ട്ണറെ പോലെയാണ് ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തിലെ മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ മത വര്‍ഗീയത ആളിക്കത്തിച്ച് അവരെ തീവ്രവാദ ലൈനിലേക്ക് കൊണ്ടുപോകാനുള്ള വലിയൊരു ശ്രമം ചിലര്‍ നടത്തുന്നുണ്ട്. ആ ശ്രമം നടത്തുന്നവര്‍ക്ക് ഇടതുപക്ഷം കണ്ണിലെ കരടാണ്. കാരണം, കേരളത്തിലെ മത ന്യൂന പക്ഷങ്ങള്‍ക്ക് ഇടതുപക്ഷത്തെ വിശ്വാസമാണ്. അത് പൊളിച്ചാല്‍ മാത്രമേ, കേരളത്തില്‍ ഇടതു പക്ഷ സര്‍ക്കാര്‍ ഇല്ലാതായാല്‍ മാത്രമേ മത വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാന്‍ സാധിക്കൂ എന്നറിയുന്ന ശക്തികളാണ് ഇതിലൊരു ഭാഗത്ത് പ്രവര്‍ത്തിക്കുന്നത്. ഇവരെയൊക്കെ പാലൂട്ടി വളര്‍ത്തുകയാണ് യുഡിഎഫ് ചെയ്യുന്നത്. അതിന്റെ ഭാഗമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ള ഈ വിവാദം. – റിയാസ് വിശദമാക്കി.
മുഖ്യമന്ത്രിയെ ഒരു രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി, കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന ബിജെപി വിരുദ്ധ മനസുകളില്‍ ബിജെപിയോട് താല്‍പ്പര്യം ഉള്ള ഒരാളായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.