ദി ഹിന്ദു’വിലെ അഭിമുഖം മാറുന്ന പിണറായിയുടെ തെളിവ്; പിവി അൻവർ എംഎൽഎ
ദി ഹിന്ദു’വിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറത്തെ താറടിച്ച് കാണിക്കാനാണ് ശ്രമിക്കുന്നതെന്ന് പിവി അൻവർ എംഎൽഎ. തെറ്റായ വിലയിരുത്തൽ നടത്തി ആർഎസ്എസിന് അനുകൂല സാഹചര്യം ഉണ്ടാക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നും പിണറായിയുടെ നിലപാട് മാറിയെന്ന് ആർഎസ്എസിനെ ബോധ്യപ്പെടുത്തുക എന്ന ശ്രമത്തിന്റെ ഭാഗമാണ് ഹിന്ദുവിലെ അഭിമുഖമെന്നും പിവി അൻവർ ആഞ്ഞടിച്ചു.
എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി ആരോപണത്തിനെതിരെയും പിവി അൻവർ പ്രതികരണം നടത്തി. സമ്മേളനത്തിൽ പങ്കെടുത്തവരെ മതമൗലിക വാദികളാക്കുന്നത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കും. എസ്ഡിപിഐയ്ക്കും ജമാഅത്തെ ഇസ്ലാമിയ്ക്കും ഇത്രമാത്രം ശക്തിയുണ്ടെന്ന് സിപിഎം സമ്മതിച്ചോ?. പൊതുയോഗത്തിൽ പങ്കെടുത്തത് വർഗീയ വാദികളെന്ന ആരോപണം സിപിഎമ്മിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുക. മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദുകുട്ടിയെ നേരിൽ കാണും. സാഹചര്യം ബോധ്യപ്പെടുത്തും. തിരക്കിനിടയിൽ നേരത്തെ കാണാൻ കഴിയാതിരുന്നത് തൻ്റെ ഭാഗത്തെ വീഴ്ച്ചയാണെന്നും പിവി അൻവർ വ്യക്തമാക്കി.
അതേസമയം, സ്വരാജ് പറഞ്ഞു കൊണ്ടിരിക്കുന്നത് വിവരക്കേടാണ്. താൻ നിയമ ലംഘനം നടത്തിയിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് നേരത്തെ തന്നെ പുറത്താക്കിയില്ലെന്ന് എം സ്വരാജ് പറയണം. എം സ്വരാജ് അതിരുവിട്ടു പോയാൽ താൻ അതിരും വിട്ടു പറയും. അത് താങ്ങാൻ സ്വരാജിനും മറ്റു നേതാക്കളും കഴിയില്ല. പടയാളികളെ ഇറക്കിയാൽ ഇറക്കുന്ന പടതലവൻമാരെ തേടി താൻ വരും. ആരും ഗാന്ധിയുടെ കൊച്ചുമക്കളല്ല എന്ന് ഓർക്കുന്നത് നല്ലത്. അത് നേരിടാൻ അവർക്ക് ആകില്ല. ഇപ്പോഴത്തെ ലക്ഷ്യം അൻവറാണ് , അതിനൊപ്പം മലപ്പുറവും.താൻ മലപ്പുറത്തിന്റെ പുത്രനല്ല ഭാരതത്തിന്റെ പുത്രനാണെന്നും അൻവർ വ്യക്തമാക്കി.