Saturday, November 23, 2024
Latest:
Top NewsWorld

‘ഹിസ്ബുല്ല തലവൻ നസ്റല്ലയുടെ വധം ‘ചരിത്രപരമായ വഴിത്തിരിവ്’; ഇസ്രയേൽ പ്രധാനമന്ത്രി

Spread the love

ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയുടെ വധം ‘ചരിത്രപരമായ വഴിത്തിരിവെന്ന്’ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നസ്റല്ലയുടെ വധത്തിന് പിന്നാലെ ഇസ്രയേൽ കനത്ത സുരക്ഷ ഏർപ്പെടുത്തി.
പൊതു സ്ഥലങ്ങളിൽ കൂട്ടംകൂടുന്നതിന് വിലക്കേർപ്പെടുത്തി. ടെൽ അവീവ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ പൊതു പരിപാടികൾ നിരോധിച്ചു. ടെൽ അവീവിലേക്കുള്ള വിമാനസർവീസുകൾ റദ്ദാക്കി.

ഹിസ്ബുല്ല ഭീകരർക്കെതിരെ മുഴുവൻ ശക്തിയുമെടുത്ത് പോരാടുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നൽകി. ലക്ഷ്യം പൂർത്തീകരിക്കാതെ ഇതിൽ നിന്നും പിന്നോട്ടില്ല. റോക്കറ്റ് ആക്രമണം ഹിസ്ബുള്ള അവസാനിപ്പിച്ചേ മതിയാകൂ. അതുവരെ പ്രതിരോധം ശക്തമായി തന്നെ തുടരും. യുദ്ധം അവസാനിപ്പിച്ച് സമാധാനം തുടരാനായി അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശങ്ങളിൽ കാര്യമായ പ്രതീക്ഷയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഇസ്രയേൽ ആക്രമണത്തിൽ ഹസൻ നസ്റല്ല കൊല്ലപ്പെട്ടെന്ന് ഹിസ്ബുല്ല സ്ഥിരീകരിച്ചു. നസ്റല്ലയെ അഭിനന്ദിച്ച് ഹിസ്ബുല്ല കുറിപ്പ് ഇറക്കി. ഇറാനിൽ അഞ്ച് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. നസ്റല്ലയുടെ വധത്തിൽ തിരിച്ചടി നൽകുമെന്ന് ഇസ്രയേലിന് ഇറാൻ മുന്നറിയിപ്പ് നൽകി.

ഇസ്രയേൽ തുറമുഖം ആക്രമിച്ചെന്ന് യെമനിലെ ഹൂതികൾ വ്യക്തമാക്കി. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിമാനത്താവളത്തിൽ എത്തുന്നതിന് മുൻപായിരുന്നു ആക്രമണം. ഇറാന്റെ പരമോന്നത നേതാവ് സുരക്ഷിത ഇടത്തേക്ക് നീങ്ങിയതായും റിപ്പോർട്ടുണ്ട്. ഇതിനിടെ നസ്റല്ലയുടെ വധം ‘നീതിയുടെ നടപടി’യെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വിശേഷിപ്പിച്ചു.