കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ, ഉള്ളിൽ രക്തക്കറ; അവധിക്ക് നാട്ടിലെത്തിയ സൈനികനെ കാണാനില്ലെന്ന് പരാതി
തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിൽ സൈനികനെ കാണാനില്ലെന്ന് പരാതി. അചതൽ സ്വദേശി ജാവേദ് അഹമ്മദ് വാനിയെ (25)യാണ് കാണാതായത്. അവധിക്ക് നാട്ടിലെത്തിയ മകനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയതാണെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു. സൈനികനെ കണ്ടെത്താൻ സുരക്ഷാ സേനയും പൊലീസും തെരച്ചിൽ ആരംഭിച്ചു.
ജമ്മു കശ്മീർ ലൈറ്റ് ഇൻഫൻട്രി റെജിമെന്റിൽ പെട്ട റൈഫിൾമാൻ ജാവേദ് അഹമ്മദ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അവധിക്ക് നാട്ടിലെത്തിയിരുന്നു. ഇന്നലെ വൈകിട്ട് ആറരയോടെ മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ തൻ്റെ ആൾട്ടോ കാറിൽ വീട്ടിൽ നിന്ന് ഇറങ്ങി. രാത്രി 9 മണിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ തെരച്ചിൽ ആരംഭിച്ചു. തുടർന്ന് മാർക്കറ്റിന് സമീപം കാർ കണ്ടെത്തി.
കാറിനുള്ളിൽ രക്തക്കറ കണ്ടതോടെ വീട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സൈനികനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയതാണെന്നാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് ചിലരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ടുകൾ. 25 കാരനായ സൈനികന് വേണ്ടി സുരക്ഷാ സേനയും തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.