KeralaTop News

അര്‍ജുന്റെ ജന്മനാട്ടില്‍ കാര്‍വാര്‍ എംഎല്‍എ; ദൗത്യമുഖത്ത് തലവനായും വീട്ടില്‍ ഉറ്റവര്‍ക്ക് സാന്ത്വനമായും നിന്ന സതീഷ് കൃഷ്ണ സെയില്‍

Spread the love

അര്‍ജുനായുള്ള തിരിച്ചില്‍ ആരംഭിച്ചത് മുതല്‍ സജീവമായി കാണുന്ന മുഖമാണ് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന്റേത്. ഷിരൂരില്‍ നിന്ന് കണ്ണാടിക്കലേക്കുള്ള അര്‍ജുന്റെ അന്ത്യയാത്രയിലും അദ്ദേഹം അനുഗമിച്ചു. അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യത്തില്‍ ഏറ്റവും കൂടുതല്‍ യത്‌നിച്ചവരില്‍ ഒരാള്‍ അദ്ദേഹമാണ്. ദുരന്തമുഖത്ത് മുഴുവന്‍ സമയം നിന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. രാവിലെയെത്തിയാല്‍ രാത്രി മാത്രം അവിടെ നിന്ന് മടങ്ങിയും ഏത് പാതി രാത്രി വിളിച്ചാലും കുടുംബവും മാധ്യമങ്ങളും ഉള്‍പ്പടെയുള്ളവരോട് ഒരു മുഷിച്ചിലും കൂടാതെ പ്രതികരിച്ചും ദൗത്യത്തിനാവശ്യമായതെല്ലാം ചെയ്തും രാജ്യത്തിനാകെ മാതൃകയാകുന്നൊരു ഇടപെടല്‍ അദ്ദേഹം നടത്തി.

ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ നടന്നാല്‍ കര്‍ണാടകയിലെ ജനങ്ങളെ എങ്ങനെ പരിഗണിക്കുമോ അങ്ങനെ തന്നെയാണ് അര്‍ജുന് വേണ്ടിയും ചെയ്തതെന്നാണ് അദ്ദേഹം ഇന്ന് അര്‍ജുന്റെ വീട്ടില്‍ വച്ച് മാധ്യമങ്ങോട് പ്രതികരിച്ചത്. തങ്ങള്‍ എന്ത് ചെയ്തുവെന്ന് അര്‍ജുന്റെ സഹോദരി അഞ്ജുവിന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബെല്‍ഗാവില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നും മെറ്റല്‍ ഡിറ്റക്ടര്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ കൊണ്ടുവന്നു. ഇന്ദ്രബാലന്‍ ഡല്‍ഹിയില്‍ നിന്നും ഉപകരണങ്ങള്‍ എത്തിച്ചു. മഹാരാഷ്ട്രയിലെ സോലാപൂരില്‍ നിന്നും ഡ്രഡ്ജര്‍ എത്തിച്ചു. കേരളത്തില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കാനുള്ള ശ്രമം നടന്നുവെങ്കിലും പ്രാവര്‍ത്തികമായില്ല.
അതുകൊണ്ടൊന്നും ഞങ്ങള്‍ ശ്രമം നിര്‍ത്തിയില്ല.
ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിച്ചു – ഷിരൂര്‍ ദൗത്യത്തിന്റെ നാള്‍വഴികള്‍ ഓര്‍ത്തുകൊണ്ട് കാര്‍വാര്‍ എംഎല്‍എ പറഞ്ഞു. 5 ലക്ഷം രൂപ കര്‍ണാടക സര്‍ക്കാര്‍ കുടുംബത്തിന് കൈമാറിയിട്ടുണ്ട്. ഒരു ലക്ഷം രൂപ വ്യക്തിപരമായി എംഎല്‍എ കുടുംബത്തിന് നല്‍കി.

തിരഞ്ഞെടുപ്പുകാലത്തുപോലും താന്‍ ഇത്ര ജോലിചെയ്തിട്ടില്ലെന്നാണ് എം.എല്‍.എ. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. അര്‍ജുനെ കണ്ടെത്തിയാലും തനിക്ക് വിശ്രമമില്ല, കര്‍ണാടക സ്വദേശികളായ രണ്ടുപേരെക്കൂടി കണ്ടെത്താനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.