Top NewsWorld

ലെബനനിലെ വെടിനിര്‍ത്തല്‍ ആവശ്യം തള്ളി ഇസ്രയേല്‍; ആക്രമണം കടുപ്പിക്കാന്‍ നെതന്യാഹുവിന്റെ നിര്‍ദേശം; നിരാശയുണ്ടെന്ന് അമേരിക്ക

Spread the love

ലെബനനില്‍ 21 ദിവസം വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യം തള്ളി ഇസ്രയേല്‍. തലസ്ഥാനമായ ബെയ്‌റൂത്തില്‍ ഉള്‍പ്പെടെ ഇസ്രയേല്‍ ആക്രമണം കടുപ്പിക്കുകയാണ്. ആക്രമണം കടുപ്പിക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൈന്യത്തിന് നിര്‍ദേശം നല്‍കി. ലെബനനില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 700 കടന്നു.

അക്രമം തടയാന്‍ അമേരിക്കയും ഫ്രാന്‍സും ചേര്‍ന്ന് 21 ദിവസത്തെ വെടിനിര്‍ത്തലാണ് നിര്‍ദേശിച്ചിരുന്നത്. ഐക്യരാഷ്ട്ര സഭയില്‍ ഉള്‍പ്പെടെ ഇപ്പോഴും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെങ്കിലും പിന്നോട്ടില്ലെന്ന നിലപാടില്‍ ഇസ്രയേല്‍ ഉറച്ചുനില്‍ക്കുയാണ്. ഇസ്രയേലിന്റെ ഈ കടുംപിടുത്തത്തില്‍ യുഎസിനും മറ്റുള്ളവര്‍ക്കും കടുത്ത നിരാശയുണ്ടെന്ന് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പ്രതികരിച്ചു.

യുഎസിനോടും സഖ്യകക്ഷികളോടും മാത്രമല്ല ഇസ്രയേലിനോട് പോലും നന്നായി ആലോചിച്ചാണ് വെടി നിര്‍ത്തലെന്ന നിര്‍ദേശം മുന്നോട്ടുവച്ചതെന്ന് ജോണ്‍ കിര്‍ബി പറഞ്ഞു. അതില്‍ പറയുന്ന എല്ലാ കാര്യങ്ങളും സംബന്ധിച്ച് ഇസ്രയേലിന് പൂര്‍ണബോധ്യമുണ്ട്. അത് ഗൗരവത്തോടെ സ്വീകരിക്കുമെന്ന് വിചാരിച്ചാണ് തങ്ങള്‍ ഈ നിര്‍ദേശം തയാറാക്കിയത്. അല്ലെങ്കില്‍ ഈ പരിശ്രമത്തിന് മുതിരില്ലായിരുന്നുവെന്നും അമേരിക്ക എതിര്‍പ്പ് പ്രകടിപ്പിച്ചു.