KeralaTop News

അജിത് കുമാറിനെ കുറിച്ച് വരെ അന്‍വര്‍ പറഞ്ഞ കാര്യങ്ങളോട് യോജിപ്പാണ്, അതിനപ്പുറമുള്ള ആരോപണങ്ങളില്‍ ഒക്ടോബര്‍ രണ്ടിന് പ്രതികരിക്കാം: കെ ടി ജലീല്‍

Spread the love

സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനേയും സിപിഐഎമ്മിനേയും സംബന്ധിച്ച പി വി അന്‍വര്‍ എംഎല്‍എയുടെ ഗുരുതര ആരോപണങ്ങളില്‍ പ്രതികരണവുമായി കെ ടി ജലീല്‍. അജിത് കുമാറുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ഉള്‍പ്പെടെ അന്‍വറിനെ പൂര്‍ണമായി തള്ളാതെയാണ് ജലീലിന്റെ പ്രതികരണം. അജിത് കുമാറിന് എതിരെ വരെ അന്‍വര്‍ പറഞ്ഞ ആരോപണങ്ങളോട് യോജിപ്പാണെന്ന് ജലീല്‍ പറഞ്ഞു. സര്‍ക്കാര്‍ അന്വേഷണം പുരോഗമിക്കുകയാണ്. പൊലീസില്‍ കുറച്ചുകാലമായി വര്‍ഗീയ വത്കരണം നടക്കുകയാണ്. അത് വസ്തുതയാണെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.

ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നശേഷം പൊലീസില്‍ വര്‍ഗീയ വത്കരണം നടക്കുന്നതായി ഞാന്‍ മുന്‍പും പറഞ്ഞിരുന്നതാണ്. ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥരിലാണ് ഇത് കാണുന്നത്. അജിത് കുമാറിന് അപ്പുറം അന്‍വര്‍ നടത്തിയ ആരോപണങ്ങളോടുള്ള പ്രതികരണം ഞാന്‍ ഒക്ടോബര്‍ രണ്ടിന് അറിയിക്കാം. കെ ടി ജലീല്‍ പറഞ്ഞു.

മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പ് മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്ന് ഉള്‍പ്പെടെയാണ് ഇന്നലത്തെ വാര്‍ത്താ സമ്മേളനത്തില്‍ പി വി അന്‍വര്‍ തുറന്നടിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസ് അഗ്‌നിപര്‍വതത്തിന് മുകളിലാണ്. താന്‍ അറിഞ്ഞ കാര്യങ്ങള്‍ പറഞ്ഞാല്‍ സഖാക്കള്‍ എകെജി സെന്റര്‍ തകര്‍ക്കും. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ പിണറായി വിജയന്‍ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രി തന്നെ ചതിച്ചു. പൊതുപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തിന് മുഖ്യമന്ത്രി കൂച്ചുവിലങ്ങിട്ടു. ഉദ്യോഗസ്ഥ പ്രമാണിത്വമാണ് ഈ സര്‍ക്കാരിന്റെ സംഭാവനയെന്നും അന്‍വര്‍ വിമര്‍ശിച്ചിരുന്നു.

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും സംശയത്തില്‍ നിര്‍ത്തുന്ന പ്രതികരണമാണ് ഇന്നലെ പി വി അന്‍വര്‍ നടത്തിയത്. തൃശൂരില്‍ ബിജെപിക്ക് സീറ്റുനേടാനാണ് അജിത് കുമാര്‍ പൂരം കലക്കിയതെന്നും ആരുടെയെങ്കിലും നിര്‍ദേശം അനുസരിച്ചാകാം അജിത് ഇത് ചെയ്തതെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തിലൂടെ പറഞ്ഞു. കേന്ദ്രസര്‍ക്കാരില്‍ നിന്ന് സഹായം വേണ്ടത് ആര്‍ക്കാണോ അവരാകാം പൂരം കലക്കാന്‍ അജിത് കുമാറിന് നിര്‍ദേശം നല്‍കിയത്. അത് ആരെന്ന് താന്‍ പറയുന്നില്ല. മാധ്യമപ്രവര്‍ത്തകര്‍ ഈ ചോദ്യം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോട് ചോദിക്കണം. തന്റെ വാക്കുകളില്‍ ഇതെല്ലാം ഉണ്ടല്ലോയെന്നും അന്‍വര്‍ പറഞ്ഞു. പരസ്യപ്രസ്താവന വേണ്ടെന്ന പാര്‍ട്ടിയുടെ നിര്‍ദേശം ലംഘിച്ച് വിളിച്ച വാര്‍ത്താ സമ്മേളനത്തിലായിരുന്നു അന്‍വറിന്റെ പ്രതികരണം.