NationalTop News

നാഗാലാൻഡിലും അുണാചൽ പ്രദേശിലും അഫ്‌സ്‌പ നിയമം കാലാവധി ഭാഗികമായി നീട്ടി; 11 ജില്ലകളിൽ പൂർണ്ണ നിയന്ത്രണം

Spread the love

നാഗാലാൻഡിലും അരുണാചൽ പ്രദേശിലുമായി 11 ജില്ലകളിൽ സായുധ സേനകളുടെ പ്രത്യേക അധികാരം ഉറപ്പാക്കുന്ന അഫ്‌സ്പ നിയമം ആറ് മാസത്തേക്ക് കൂടി നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റേതാണ് തീരുമാനം. നാഗാലൻഡിലെ എട്ട് ജില്ലകളിലും അരുണാചൽ പ്രദേശിലെ മൂന്ന് ജില്ലകളിലുമാണ് ഈ നിയമം നടപ്പിലാക്കിയത്. രണ്ട് സംസ്ഥാനങ്ങളിലെയും ക്രമസമാധാന സാഹചര്യം വിലയിരുത്തിയ ശേഷമാണ് കേന്ദ്ര സർക്കാർ തീരുമാനമെടുത്തത്.

സംഘർഷ ബാധിത മേഖലയിൽ തിരച്ചിൽ നടത്താനും അറസ്റ്റ് ചെയ്യാനും വെടിവെക്കാനും സായുധ സേനകൾക്ക് കൂടുതൽ അധികാരം നൽകുന്നതാണ് ഈ നിയമം. നാഗാലാൻഡിലെ എട്ട് ജില്ലകൾക്ക് പുറമെ മറ്റ് അഞ്ച് ജില്ലകളിലെ 21 പൊലീസ് സ്റ്റേഷൻ പരിധികളും ഈ നിയമത്തിൻ്റെ പരിധിയിൽ വരുമെന്ന് കേന്ദ്ര സർക്കാരിൻ്റെ വിജ്ഞാപനം പറയുന്നു.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ 70 ശതമാനം സ്ഥലത്ത് നിന്നും അഫ്സ്പ നിയന്ത്രണം നീക്കിയെന്നാണ് നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കിയത്. അതേസമയം ജമ്മു കശ്മീരിൽ നിയമം പൂർണ്ണമായും പ്രാബല്യത്തിലുണ്ട്.