NationalTop News

മൂന്ന് കാർഷിക നിയമങ്ങളും തിരികെ കൊണ്ടുവരണം: വിവാദ പ്രസ്താവനയുമായി കങ്കണ റണാവത്

Spread the love

രാജ്യത്ത് വൻ കർഷക സമരത്തിന് കാരണമായ മൂന്ന് കാർഷിക നിയമങ്ങളും തിരികെ കൊണ്ടുവരണമെന്ന് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്. ഹിമാചൽ പ്രദേശിലെ മാണ്ടിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. തൻ്റെ പ്രസ്താവന വിവാദമാകുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് സംസാരിക്കുന്നതെന്നും മൂന്ന് കാർഷിക നിയമങ്ങളും തിരികെ കൊണ്ടുവരണം എന്നാണ് തൻ്റെ നിലപാടെന്നും പറഞ്ഞ അവർ കർഷകർ തന്നെ ഈ ആവശ്യം ഉന്നയിക്കണമെന്നും പറഞ്ഞു.

കർഷർക്ക് ഏറെ ഗുണകരമാകുന്നതാണ് ഈ നിയമങ്ങളെന്ന് അവ‍ർ പറ‌ഞ്ഞു. ചില സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് നിയമങ്ങൾ പിൻവലിച്ചത്. രാജ്യത്തിൻ്റെ വികസനത്തിൽ കർഷകർ വലിയ പങ്കാണ് വഹിക്കുന്നത്. അവരുടെ തന്നെ നന്മയ്ക്ക് മൂന്ന് നിയമങ്ങളും തിരികെ കൊണ്ടുവരണമെന്നും അവർ കൂട്ടിച്ചേർത്തു.

പിന്നാലെ കങ്കണക്കെതിരെ അതിരൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. മൂന്ന് കരിനിയമങ്ങൾക്കും എതിരായ സമരത്തിൽ 750 ഓളം കർഷകരാണ് രക്തസാക്ഷിത്വം വരിച്ചത്. ആ കരിനിയമങ്ങൾ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും ശക്തമായി എതിർക്കുമെന്നും കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനതെ പറഞ്ഞു. ഇതിനെ ആദ്യം എതിർക്കുക ഹരിയാനയായിരിക്കുമെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയം നേടുമെന്ന് സൂചിപ്പിച്ച് കൊണ്ട് അവ‍ർ പറ‌ഞ്ഞു.

കങ്കണ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയാണ് നിലപാടെടുത്തതെന്നാണ് എഎപി എം.പി മൽവീന്ദർ സിങ് വിമ‍ർശിച്ചത്. കർഷകരുടെ ആശങ്ക മനസിലായത് കൊണ്ടാണ് നിയമങ്ങൾ പിൻവലിക്കുന്നതെന്നാണ് പ്രധാനമന്ത്രി പറഞ്ഞതെന്നും കങ്കണ പ്രധാനമന്ത്രിയെ വിമർശിച്ചതാണോ അല്ല പ്രധാനമന്ത്രി ബിജെപിയിൽ ഒറ്റയ്ക്കായതാണോയെന്ന് ബിജെപിക്ക് മാത്രമേ പറയാനാവൂ എന്നും അദ്ദേഹം പരിഹസിച്ചു.