NationalTop News

ഷിരൂരില്‍ അര്‍ജുനായുള്ള തിരച്ചില്‍ നിര്‍ത്തില്ല; നാളെ 4 സ്‌പോട്ടുകളില്‍ തിരച്ചില്‍

Spread the love

മണ്ണിടിച്ചിലുണ്ടായ ഷിരൂരില്‍ കാണാതായ അര്‍ജുന്‍ ഉള്‍പ്പടെയുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുമെന്ന് ജില്ലാ ഭരണകൂടം. നാവികസേന അടയാളപ്പെടുത്തിയ സ്ഥലത്ത് ഇന്ന് നടത്തിയ തിരച്ചിലില്‍ അര്‍ജുന്റെ ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തി. റിട്ട. മേജര്‍ ജനറല്‍ എം.ഇന്ദ്രബാലിന്റെ നേതൃത്വത്തില്‍ ഐബോഡ് ഡ്രോണ്‍ പരിശോധനയില്‍ മാര്‍ക്ക് ചെയ്ത CP 4ല്‍ ആയിരിക്കും നാളെ പ്രധാനമായും തിരച്ചില്‍ നടത്തുക.

അര്‍ജുന്റെ ലോറിയില്‍ തടി കെട്ടാന്‍ ഉപയോഗിച്ച കയറിന്റെ ഭാഗമാണ് ഇന്ന് ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് ഡ്രഡ്ജര്‍ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനിടെ ലോറിയുടെ ക്രാഷ് ഗാഡും മരത്തടിയും കണ്ടെത്തി. ഇതെല്ലാം ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു.

വൈകിട്ടോടെ അര്‍ജുന്റെ സഹോദരി അഞ്ജു ഉള്‍പ്പടെയുള്ളവരെ പ്രത്യേക ബോട്ടില്‍ ഡ്രഡ്ജറില്‍ എത്തിച്ചു. ജില്ലാ പൊലീസ് മേധാവി, കാര്‍വാര്‍ എംഎല്‍എ എന്നിവരുടെ നേതൃത്വത്തില്‍ നിലവിലെ സാഹചര്യം ദൗത്യ മേഖലയില്‍ എത്തി വിലയിരുത്തി. ലോറി കണ്ടെത്തുന്നത് വരെ തിരച്ചില്‍ തുടരുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു. കാലാവസ്ഥ പ്രതികൂലമായാലും തിരച്ചില്‍ പൂര്‍ണമായി അവസാനിപ്പിക്കില്ല. ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലില്‍ അര്‍ജുന്റെ കുടുംബം തൃപ്തി പ്രകടിപ്പിച്ചു.