NationalTop News

ട്രാക്കിൽ ഇരുമ്പ് കമ്പി, ഗ്യാസ് സിലിണ്ടർ, സിമന്റ് കട്ട; ട്രെയിൻ അട്ടിമറി ശ്രമം തുടർക്കഥയാകുന്നു

Spread the love

കഴിഞ്ഞ കുറച്ച് നാളുകളായി കേൾക്കുന്ന വാർത്തയാണ് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന്. ​ഒരു തവണയും രണ്ടും തവണയുമല്ല സെപ്റ്റംബർ മാസത്തിൽ നിരവധി തവണയാണ് ട്രാക്കുകളിൽ ഇരുമ്പ് കമ്പി ഉൾപ്പെടെയുള്ളവ വെച്ച് ട്രെയിൻ സർവീസ് അട്ടിമറിക്കാൻ ശ്രമം നടന്നത്. ഈ ശ്രമങ്ങൾക്ക് പിന്നിലാര് എന്നത് ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്. ഒരു വാർത്ത മാത്രമായി കാണാൻ കഴിയുന്നതല്ല ഇത്. പ്രത്യേകിച്ച് തുടരെ തുടരെ സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ. എന്തായിരിക്കും ലക്ഷ്യം? ആരായിരിക്കും പിന്നിൽ? എന്തിന് ചെയ്യുന്നു? എന്നിങ്ങനെ ഉത്തരം ലഭിക്കാത്ത ചോദ്യങ്ങൾ മുന്നിൽ നിൽക്കുകയാണ്.

കഴിഞ്ഞമാസം രാജസ്ഥാനിലെ ജയ്പൂരിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം നടത്തിയത് സിമന്റ് കട്ടകൾ പാളത്തിൽ നിരത്തിയായിരുന്നു. 70 കിലോഗ്രാം ഭാരമുള്ള സിമന്റ് കട്ടകളാണ് പാളത്തിൽ വെച്ചത്. സിമന്റ് കട്ടകൾ തകർത്ത് ട്രെയിൻ മുന്നോട്ട് പോയെങ്കിലും വലിയ ഒരു അപകടമായിരുന്നു അന്ന് ഒഴിവായത്. ഉത്തർപ്രദേശിൽ ഈ മാസം മൂന്ന് തവണയാണ് ട്രെയിൻ അട്ടിമറി ശ്രമം നടന്നത്. ഉത്തർപ്രദേശിലെ കാൺപൂരിലാണ് പാചക വാതക സിലിണ്ടർ പാളത്തിൽ വെച്ച് അട്ടിമറിക്കാൻ ശ്രമം നടന്നത്. പ്രേംപുർ റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു സംഭവം. പാളത്തിൽ ഗ്യാസ് സിലിണ്ടർ ശ്രദ്ധയിൽപ്പെട്ടതോടെ എമർജൻസി ബ്രേക്ക് ഉപയോഗിച്ച് നിർത്തുകയായിരുന്നു. പ്രയാഗരാജിലേക്കായിരുന്നു ട്രെയിൻ യാത്ര.

ഈ മാസം എട്ടിനും സമാന സംഭവം നടന്നിരുന്നു. കാളിന്ദി എക്‌സ്പ്രസായിരുന്നു അട്ടിമറിക്കാൻ ശ്രമം നടന്നത്. അന്നും ഗ്യാസ് സിലിണ്ടറായിരുന്നു പാളത്തിൽ സ്ഥാപിച്ചത്. ഇത്തവണ ട്രെയിൻ സിലിണ്ടറിൽ ഇടിച്ചെങ്കിലും തലനാരിഴയ്ക്ക് അപകടം ഒഴിവായി. ഈ മാസം 19നാണ് ഉത്തർപ്രദേശിൽ ട്രാക്കിൽ നിന്ന് ഇരുമ്പ് തൂണുകൾ കണ്ടെത്തിയത്. ബിലാസ്പുർ റോഡ് റെയിൽവേ സ്‌റ്റേഷനും ഉത്തരാഖണ്ഡിലെ രുദ്രപുർ സിറ്റി റെയിൽവേ സ്റ്റേഷനും ഇടയിലായാണ് തൂൺ കണ്ടത്. പാളത്തിന് കുറുകെ വച്ച ആറ് മീറ്റർ നീളമുള്ള ഇരുമ്പ് തൂൺ ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽപെട്ടതിനാലാണ് അപകടം ഒഴിവായത്.

മധ്യപ്രദേശിലും ട്രെയിൻ അട്ടിമറി നടന്നു. ജമ്മു കശ്മീരിലേക്ക് സൈനികരുമായി പോയ പ്രത്യേക ട്രെയിനായിരുന്നു ലക്ഷ്യം. എന്നാൽ പാളത്തിൽ സ്ഥാപിച്ചത് ഡിറ്റണേറ്റുകളായിരുന്നു. മാധ്യപ്രദേശിലെ ബുർഹാൻപുർ ജില്ലയിലെ സഗ്ഫാത റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു 10 ഡിറ്റണേറ്റുകൾ കണ്ടെത്തിയത്. ലോക്കോ പൈലറ്റിന്റെ ഇടപെടലിനെ തുടർന്ന് വൻ ദുരന്തം ഒഴിവായി.

പൊന്നേരി റെയിൽവേ സ്റ്റേഷനിൽ രണ്ട് തവണയാണ് ട്രെയിൻ അട്ടിമറി ശ്രമം നടന്നത്. ഇവിടെ സ്ഥിതി മറ്റൊന്നാണ്. പാളത്തിന്റെ സിഗ്നൽ സംവിധാനം തകർത്തായിരുന്നു ട്രെയിൻ അട്ടിമറിക്കാൻ രണ്ട് തവണയും ശ്രമം നടത്തിയത്. ഉത്തരേന്ത്യൻ ഭാഗത്തേക്ക് ട്രെയിൻ പോകുന്ന പാളത്തിലായിരുന്നു അട്ടിമറി ശ്രമം. നാല് ദിവസത്തിന്റെ ഇടവേളകളിലാണ് ട്രാക്കിലെ സിഗ്നൽ സംവിധാനം തകർത്തത്. പൊന്നേരി റെയിൽവേ സ്റ്റേഷന് സമീപം സിഗ്നൽ സംവിധാനത്തിലേക്കുള്ള വയറുകൾ അഴിച്ചുമാറ്റിയ നിലയിൽ കണ്ടെത്തിയതായിരുന്നു ആദ്യ സംഭവം. ഇതിൽ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് രണ്ടാമത്തെ ശ്രമവും നടന്നത്. സ്റ്റേഷന് സമീപത്തെ സിഗ്നൽ ജംഗ്ഷൻ ബോക്‌സിന്റെ ബോൾട്ട് പാളത്തിൽ നിന്ന് നീക്കം ചെയ്തായിരുന്നു അട്ടിമറിക്കാൻ ശ്രമിച്ചത്.

ഏറ്റവും ഒടുവിൽ അട്ടിമറി ശ്രമം നടന്നത് പഞ്ചാബിലെ ബതിൻഡയിലാണ്. ട്രാക്കിൽ ഇരുമ്പുകമ്പികൾ വെച്ചായിരുന്നു ട്രെയിൻ അട്ടിമറിക്കാൻ ശ്രമം നടന്നത്. ബതിൻഡയിൽ നിന്ന് ഡൽഹിയിലേക്ക് പോകുന്ന ഗുഡ്‌സ് ട്രെയിനായിരുന്നു അട്ടിമറിക്കാൻ ശ്രമിച്ചത്. ഒമ്പത് കമ്പികളാണ് ട്രാക്കിൽ നിന്ന് കണ്ടെത്തിയത്. റെയിൽവേ പോലീസ് കേസ് രജിസ്റ്റർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ സെപ്റ്റംബർ മാസത്തിൽ ട്രാക്കിൽ തടസം സൃഷ്ടിച്ച് ട്രെയിൻ അട്ടിമറിക്ക് ശ്രമം നടത്തിയത് അഞ്ച് തവണയാണ്.