NationalTop News

കെജ്‌രിവാളിന്റെ കസേര ഒഴിച്ചിട്ടു, മറ്റൊരു കസേരയിൽ ഇരുന്ന് മുഖ്യമന്ത്രി ആതിഷി മർലേന

Spread the love

ഡൽഹി മുഖ്യമന്ത്രിയായി ആതിഷി മർലേന ചുമതലയേറ്റു. ഡൽഹിയുടെ എട്ടാം മുഖ്യമന്ത്രിയായിചുമതലയേറ്റ ആതിഷി മുഖ്യമന്ത്രിയുടെ കസേര ഒഴിച്ചിട്ടാണ് ഇരുന്നത്. മുഖ്യമന്ത്രി കസേര ഒഴിച്ചിട്ട ആതിഷി തൊട്ടടുത്തുള്ള മറ്റൊരു കസേരയിലാണ് ഇരുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അരവിന്ദ് കെജ്‌രിവാൾ തിരിച്ചെത്താനായി കസേര ഒഴിച്ചിടുന്നുവെന്ന് ആതിഷി പ്രതികരിച്ചു.

പുതിയ ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി അതിഷി മർലേന രംഗത്തുവന്നു. ആം ആദ്മി പാർട്ടിയുടെ നേതാക്കളെ ജയിലിലാക്കാനും ഡൽഹിയിലെ വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്താനും മാത്രമാണ് ബിജെപി ശ്രമിക്കുന്നതെന്ന് അതിഷി വിമർശിച്ചു. ഇപ്പോൾ അരവിന്ദ് കെജ്രിവാൾ ജയിലിൽ അല്ലെന്ന് ബിജെപിയെ ഓർമ്മപ്പെടുത്തിയ അതിഷി മുടങ്ങിക്കിടന്ന എല്ലാ പ്രവർത്തനകളും പൂർത്തിയാക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.

അരവിന്ദ് കെജ്രിവാൾ ജയിലിൽ നിന്ന് പുറത്തുവരാതിരിക്കാൻ ബിജെപി ഗൂഢാലോചന നടത്തി. എന്നാൽ, ബിജെപിയ്ക്ക് മുന്നിൽ മുട്ടുമടക്കാൻ കെജ്രിവാൾ തയ്യാറായില്ല. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസുകളിൽ ജാമ്യം ലഭിക്കുക എളുപ്പമല്ല. എന്നിട്ടും കെജ്രിവാളിന് സുപ്രീം കോടതി ജാമ്യം നൽകി. വീണ്ടും മുഖ്യമന്ത്രിക്കസേരയിലേയ്ക്ക് എത്തുന്നതിന് പകരം അദ്ദേഹം സ്ഥാനം രാജിവെയ്ക്കുകയാണ് ചെയ്തത്. ജനങ്ങളുടെ കോടതിയിലും സത്യസന്ധത തെളിയിക്കണം എന്നതിനാലാണ് അദ്ദേഹം രാജിവെച്ചതെന്നും തന്നിൽ വിശ്വാസം അർപ്പിച്ചതിന് കെജ്രിവാളിന് നന്ദിയുണ്ടെന്നും അതിഷി കൂട്ടിച്ചേർത്തു.