അന്ന ആത്മവിശ്വാസമുള്ള കുട്ടി,മന്ത്രി ഇങ്ങനെ പ്രതികരിക്കാൻ പാടില്ലായിരുന്നു’; അന്നയുടെ അച്ഛൻ സിബി ജോസഫ്
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ്റെ പരാമർശത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് അന്ന സെബാസ്റ്റിൻറെ അച്ഛൻ സിബി ജോസഫ്. ഒരു മന്ത്രി ഇങ്ങനെ പ്രതികരിക്കാൻ പാടില്ലായിരുന്നു. അന്ന ആത്മവിശ്വാസമുള്ള കുട്ടിയാണ് അതുകൊണ്ടല്ലേ അവൾ ജോലി നേടിയത്, ആർക്കും എന്തും പറയാമല്ലോ സിബി ജോസഫ് പറഞ്ഞു.
അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ വിചിത്രമായ പരാമർശമായിരുന്നു നിർമല സീതാരാമൻ നടത്തിയത്. വീടുകളില്‍ നിന്ന് സമ്മര്‍ദത്തെ എങ്ങനെ നേരിടണമെന്ന് കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കണമെന്നും ദൈവത്തെ ആശ്രയിച്ചാല്‍ മാത്രമെ സമ്മര്‍ദത്തെ നേരിടാന്‍ പറ്റുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.
ചെന്നൈയിലെ ഒരു സ്വകാര്യ കോളേജിലെ ചടങ്ങിനിടെയാണ് മന്ത്രിയുടെ പരാമര്‍ശം.
‘രണ്ട് ദിവസം മുമ്പ് പത്രത്തില്‍ ജോലി സമ്മര്‍ദംമൂലം ഒരു പെണ്‍കുട്ടി മരിച്ചതായി വാര്‍ത്ത കണ്ടു. കോളേജുകള്‍ വിദ്യാര്‍ത്ഥികളെ നന്നായി പഠിപ്പിക്കുകയും ജോലി നേടിക്കൊടുക്കുകയും ചെയ്യുന്നു. അതേപോലെ തന്നെ കുടുംബങ്ങള്‍ സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ കുട്ടികളെ പഠിപ്പിക്കണം. നീ എത്ര പഠിച്ച് ഏത് നിലയില്‍ എത്തിയാലും മനസ്സില്‍ സമ്മര്‍ദങ്ങളെ നേരിടാന്‍ ഉള്‍ശക്തിയുണ്ടാവണം. അതിനായി ദൈവത്തിനെ ആശ്രയിക്കണം. എന്നാല്‍ മാത്രമെ ആത്മശക്തിയുണ്ടാവുകയുള്ളു,’ മന്ത്രി പറഞ്ഞു.
അതേസമയം, അന്നയുടെ മാതാപിതാക്കളോട് പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി വീഡിയോ കോളിലൂടെ സംസാരിച്ചു. . മരണം ജോലി സമ്മർദ്ദം മൂലമെന്ന കുടുംബത്തിന്റെ പരാതി പാർലമെൻറിൽ ഉന്നയിക്കുമെന്ന് രാഹുൽഗാന്ധി മാതാപിതാക്കൾക്ക് ഉറപ്പ് നൽകി.
കൂടാതെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അന്നയുടെ മരണത്തിൽ സ്വമേധയാ കേസെടുത്തിട്ടുണ്ട്. നാല് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് നിർദേശം നൽകി. എന്തു നടപടി എടുത്തെന്ന് അറിയിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. അന്നയുടെ മരണത്തിൽ കമ്മിഷൻ അതീവ ആശങ്ക രേഖപ്പെടുത്തി.സുരക്ഷിതവും ജീവനക്കാർക്ക് പിന്തുണയേകുന്നതുമായ തൊഴിൽ അന്തരീക്ഷം ഒരുക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്വമാണെന്നും കമ്മീഷൻ വ്യക്തമാക്കി
പൂനെയിൽ ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയില്‍ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്ന കൊച്ചി കങ്ങാരപ്പടി സ്വദേശിനി അന്ന സെബാസ്റ്റ്യൻ പേരയിൽ ജൂലായ് 20നായിരുന്നു ഹൃദയസ്തംഭനം മൂലം താമസസ്ഥലത്ത് മരണപ്പെടുന്നത്. മകളുടെ മരണം സംബന്ധിച്ച് അന്നയുടെ അമ്മ അനിത കമ്പനിയുടെ മേധാവിക്ക് അയച്ച കത്ത് പുറത്തുവന്നതോടെയാണ് സംഭവം ചര്‍ച്ചയാകുന്നത്. അന്നയുടെ മരണം ചര്‍ച്ചയായതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലജെ, കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യ എന്നിവര്‍ പ്രതികരിക്കുകയും വസ്തുതകള്‍ക്കനുസരിച്ച് നടപടി എടുക്കുമെന്നും പ്രതികരിച്ചിരുന്നു.
എന്നാൽ EY പൂനെയിലെ സീനിയർ മാനേജർ അടക്കമുള്ള സംഘം കൊച്ചിയിലെ അന്നയുടെ വീട്ടിലെത്തി മാതാപിതാക്കളെ കാണുകയും മരണത്തിൽ അന്വേഷണം നടത്താമെന്ന് കമ്പനി അധികൃതർ മാതാപിതാക്കൾക്ക് ഉറപ്പ് നല്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആരോപണവിധേയനായ ഉദ്യോഗസ്ഥനോട് അന്വേഷണ വിധേയമായി അവധിയിൽപോകാൻ കമ്പനി നിർദേശിച്ചിരുന്നു.
ജോലി സമ്മർദ്ദമാണ് അന്നയുടെ ജീവനെടുത്തതെന്ന് വിശ്വസിക്കുന്നില്ലെന്നായിരുന്നു ഏണസ്റ്റ് ആൻഡ് യംഗ് ഇന്ത്യ ചെയർപേഴ്‌സൺ രാജീവ് മേമാനിയുടെ പ്രതികരണം. ഞങ്ങൾക്ക് ഒരു ലക്ഷത്തോളം ജീവനക്കാരുണ്ട്. ജീവനക്കാരുടെ ക്ഷേമത്തിനും ആരോഗ്യപരമായ തൊഴിൽ സാഹചര്യത്തിനായി ഞങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. നാല് മാസമേ അന്ന ഞങ്ങളോടൊപ്പം ജോലി ചെയ്തിട്ടുള്ളൂവെന്നുമായിരുന്നു രാജീവ് മേമാനിയുടെ വിശദീകരണം
അന്നയുടെ മരണത്തിന് ശേഷം നിരവധി ഉദ്യോഗസ്ഥരാണ് കമ്പനിക്കെതിരെ രംഗത്തുവന്നിട്ടുള്ളത്. രാത്രി 9 മണിക്ക് ശേഷം ജോലി ചെയ്യുന്ന സ്ത്രീകൾക്ക് വാഹന സൗകര്യമില്ല. വ്യക്തിപരമായ കാര്യങ്ങൾക്ക് സമയം ലഭിക്കുന്നില്ല, ഫോൺ കോളുകൾ പാടില്ല, 16 മണിക്കൂർ വരെ ജോലി ചെയ്യേണ്ടി വരുക, അന്നയെ പോലെ പുതുതായി ജോലിയിൽ പ്രവേശിക്കുന്നവരാണ് ഏറ്റവും കൂടുതൽ ചൂഷണം ചെയ്യപ്പെടുന്നത്. ഇത്തരത്തിൽ ആരോപണങ്ങളുമായി മുൻ ജീവനക്കാരും എക്സിലൂടെ രംഗത്തെത്തി.