technologyTop News

വീഡിയോ പോസ് ചെയ്താൽ പരസ്യം; യൂട്യൂബിൽ പരസ്യം കണ്ടേ പറ്റൂ! പുതിയ മാറ്റവുമായി കമ്പനി

Spread the love

പ്രീമിയം സബ്‌സ്‌ക്രൈബേഴ്‌സ് അല്ലാത്തവർ പരസ്യം കണ്ടേ മതിയാകൂ എന്ന വാശിയിൽ തന്നെയാണ് യൂട്യൂബ്. ആഡ് ബ്ലോക്കർ തടയുന്നതിനുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ പ്രീമിയം സബ്‌സ്‌ക്രൈബേഴ്‌സ് അല്ലാത്തവർക്ക് പരസ്യം കാണേണ്ട അവസ്ഥയിലേക്ക് ഏറെക്കുറേ എത്തിയിരുന്നു. ഇപ്പോൾ ഉപഭോക്താക്കളെ വീണ്ടും പരസ്യം കാണിക്കാനുള്ള പുതിയ വഴിയാണ് യൂട്യൂബ് പുറത്തിറക്കിയിരിക്കുന്നത്. ‘പോസ് ആഡ്’ എന്നാണ് കമ്പനി ഇതിനെ വിളിക്കുന്നത്.

അതായത് യൂട്യൂബിൽ ഇനി നിങ്ങൾ ഏതേലും വീഡിയോ കാണുന്നതിനിടെ പോസ് ചെയ്താൽ പരസ്യം വരും. സൗജന്യ ഉപഭോക്താക്കൾക്കാണ് ഈ പണി ലഭിക്കുക. പരസ്യക്കമ്പനികൾ യൂട്യൂബിന്റെ പുതിയ രീതിയോട് കൂടുതൽ താത്പര്യം പ്രകടിപ്പിച്ചെന്നാണ് റിപ്പോർട്ട്. നേരത്തെ ചില ഉപഭോക്താക്കളിൽ ഈ രീതി പരീക്ഷിച്ചിരുന്നു. ഇപ്പോൾ സൗജന്യ ഉപഭോക്താക്കളെല്ലാം വീഡിയോ പോസ് ചെയ്താൽ അപ്പോൾ പരസ്യം കാണേണ്ടിവരും. ഫോണിൽ മാത്രമായിരിക്കില്ല സ്മാർട്ട് ടിവികളിലും പരസ്യ വീഡിയോകൾ എത്തും.

നിലവിൽ വീഡിയോ തുടങ്ങുമ്പോൾ പരസ്യ വീഡിയോകൾ പ്രദർശിപ്പിക്കുന്നുണ്ട്. കൂടാതെ നിശ്ചിത ഇടവേളകളിലും പരസ്യം എത്തുന്നുണ്ട്. ഇത് കൂടാതെയാണ് പോസ് ആഡ് എന്ന മാറ്റവും കമ്പനി അവതരിപ്പിക്കുന്നത്. ചില പരസ്യങ്ങൾക്ക് സ്‌കിപ്പ് ഓപ്ഷൻ നൽകിയിരുന്നെങ്കിലും ദൈർഘ്യമേറിയ പരസ്യങ്ങളിൽ ചിലതിനും പിക്ചർ ഇൻ പിക്ചർ പരസ്യങ്ങൾക്കും സ്‌കിപ്പ് ചെയ്യാൻ കഴിയില്ല.

അഥവാ നിങ്ങൾക്ക് പരസ്യം കാണാൻ താത്പര്യം ഇല്ലെങ്കിൽ നിങ്ങൾ തീർച്ചയായും യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രൈബ് ചെയ്യേണ്ടിവരും. പ്രതിമാസ പ്ലാനുകളും വാർഷിക പ്ലാനുകളും പ്രീപെയ്ഡ് പ്ലാനുകളും യൂട്യൂബിലുണ്ട്. കൂടാതെ സ്റ്റുഡന്റ് പ്ലാനും ലഭ്യമാണ്. 149 രൂപ മുതലാണ് പ്ലാൻ ആരംഭിക്കുന്നത്. 1490 രൂപയാണ് വാർഷിക പ്ലാനിന് നൽകേണ്ടി വരുക. ഫാമിലി പ്ലാനിന് 299 രൂപ നൽകണം.