KeralaTop News

‘തെറ്റ് ചെയ്തവരെ സർക്കാരും പാർട്ടിയും സംരക്ഷിക്കില്ല’; പി.വി അൻവറിന്റെ ആരോപണങ്ങളിൽ പ്രതികരിച്ച് എം.വി ഗോവിന്ദൻ

Spread the love

പി വി അൻവർ എൽഎൽഎ യുടെ ആരോപണങ്ങളിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി
എം വി ഗോവിന്ദൻ. തെറ്റ് ചെയ്തവരെ സംരക്ഷിക്കേണ്ട ആവശ്യം സർക്കാരിനും പാർട്ടിക്കും ഇല്ലെന്ന് എം.വി ഗോവിന്ദൻ ട്വന്റിഫോറിനോട് പറഞ്ഞു. ആരോപണങ്ങളിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കും. വിവാദങ്ങൾ ഉണ്ടാക്കുന്നത് മാധ്യമങ്ങളാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

വിവാദങ്ങൾ സൃഷ്ടിക്കാൻ മാധ്യമങ്ങൾ എല്ലാ കാലത്തും ശ്രമിച്ചു.കഴിഞ്ഞ സർക്കാരിന്റെ കാലത്തും വിവാദങ്ങൾ ഉണ്ടായിരുന്നു.ജനങ്ങളെ എല്ലാബോധ്യപ്പെടുത്തിട്ട് വീണ്ടും അധികാരത്തിൽ എത്തി.
കേരളത്തിലെ ഗവണമെന്റ് കൃത്യമായ നിലപാട് സ്വീകരിക്കുന്നുണ്ടെന്ന് ജനങ്ങൾക്ക് അറിയാം.
തിരുത്തൽ നടപടികൾ സ്വീകരിച്ചാണ് സർക്കാർ മുന്നോട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം പി.വി അൻവർ ഉയർത്തിക്കൊണ്ടുവന്ന വിവാദങ്ങളിൽ കടുത്ത അതൃപ്തിയാണ് മുഖ്യമന്ത്രിക്കുള്ളതെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇന്നലത്തെ വാർത്ത സമ്മേളനം. അൻവറിനെ രൂക്ഷമായ ഭാഷയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചതും എതിർപ്പ് പരസ്യമാക്കാൻ ഉറച്ചു തന്നെയായിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തോടെ തൻ്റെ പോരാട്ടം അവസാനിക്കില്ലെന്ന വ്യക്തമായ സൂചനയായിരുന്നു പിന്നാലെ പിവി അൻവറിൻ്റെ വാർത്താ സമ്മേളനത്തിൽ കണ്ടത്.

മുഖ്യമന്ത്രി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്ന ശക്തി കുറഞ്ഞ ഭാഷയിലാണ് വിമർശനം ഉന്നയിച്ചതെങ്കിലും, വരും ദിവസങ്ങളിൽ നേരിട്ട് മുഖ്യമന്ത്രിക്കെതിരെ തിരിയാനുള്ള സാധ്യതയും ഏറെയാണ്. മുഖ്യമന്ത്രി കൈവിട്ടെങ്കിലും പി.വി അൻവറിനെ സിപിഐഎം കൈവിടുമോ എന്നാണ് ഇനി കാത്തിരിക്കുന്നത്. പി.വി അൻവറിനെ തള്ളിപ്പറയാൻ പാർട്ടി തയ്യാറായില്ലെങ്കിൽ സമ്മേളനകാലത്ത് സിപിഐഎമ്മിൽ ഉണ്ടാകുന്ന പുതിയ സമവാക്യങ്ങൾക്കും അത് വഴി തുറക്കും. എഡിജിപി എം.ആർ അജിത്ത് കുമാറിനെയും, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെയും അൻവർ തുടങ്ങിവച്ച പോരാട്ടം മുഖ്യമന്ത്രിക്കെതിരെ തിരിയുമോ എന്നാണ് രാഷ്ട്രീയ ആകാംക്ഷ.