പൊന്നമ്മ’ ഇനി ഓര്‍മ; വിട നല്‍കി മലയാളക്കര
കവിയൂര്‍ പൊന്നമ്മയ്ക്ക് വിട നല്‍കി മലയാളക്കര. കരുമാലൂരിലെ പെരിയാറിന്റെ തീരത്തെ ശ്രീപീഠം വീട്ടുവളപ്പില്‍ ആചാരപ്രകാരം മൃതദേഹം സംസ്‌കരിച്ചു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. സഹോദരനാണ് ചിതയ്ക്ക് തീ കൊളുത്തിയത്.
മലയാള സിനിമയുടെ പ്രിയപ്പെട്ട അമ്മയെ അവസാനമായി ഒരു നോക്കുകാണാന്‍ കളമശ്ശേരി ടൗണ്‍ഹാളിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. രാവിലെ 9 മുതല്‍ 12 മണി വരെയായിരുന്നു പൊതുദര്‍ശനം.മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, സിദ്ദിഖ്, ജോഷി, സത്യന്‍ അന്തിക്കാട് തുടങ്ങി മലയാള സിനിമയിലെ പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. വിട പറഞ്ഞത് മലയാളികളുടെ അമ്മ മുഖമെന്ന് സിനിമാലോകം അനുശോചിച്ചു. സംസ്ഥാന സര്‍ക്കാറിന് വേണ്ടി മന്ത്രി പി രാജീവ് റീത്ത് വെച്ചു.മന്ത്രി മുഹമ്മദ് റിയാസ്,പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മൂന്നു മണിക്കൂറോളം നീണ്ട പൊതുദര്‍ശനത്തിനു ശേഷമാണ് മൃതദ്ദേഹം ആലുവ കരുമാലൂരിലെ വീട്ടിലേയ്ക്ക് കൊണ്ടുപോയത്.
മലയാള സിനിമയില്‍ വലിയൊരു വിടവുണ്ടാക്കിക്കൊണ്ടാണ് കവിയൂര്‍ പൊന്നമ്മയുടെ മടക്കം. 14 വയസ് മുതല്‍ 79 വയസ് വരെ നീളുന്ന അസാധ്യമായ കലാസപര്യയ്ക്കാണ് കവിയൂര്‍ പൊന്നമ്മ വിട പറയുമ്പോള്‍ തിരശീല വീഴുന്നത്. പതിനാലാമത്തെ വയസ്സില്‍ അന്നത്തെ പ്രമുഖ നാടകക്കമ്പനിയായ പ്രതിഭ ആര്‍ട്ട്‌സിന്റെ നാടകങ്ങളില്‍ ഗായികയായാണ് കലാരംഗത്തു വരുന്നത്. കെ പി എ സിയുടെ മൂലധനം എന്ന നാടകത്തിലൂടെ നാടകരംഗത്തെത്തി. ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയില്‍ ആണ് ആദ്യമായി കാമറക്കു മുമ്പില്‍ എത്തുന്നത്. നാല് തവണ മികച്ച സഹനടിക്കുള്ള സംസ്ഥാനചലച്ചിത്ര അവാര്‍ഡ് നേടി.1962 ല്‍ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലൂടെയാണ് ആദ്യമായി വെള്ളിത്തിരയിലേക്ക് എത്തുന്നത്. 1965ല്‍ തൊമ്മന്റെ മക്കളില്‍ സത്യന്റെയും മധുവിന്റെയും അമ്മയായി അഭിനയിച്ചു. 1965 ലെ തന്നെ ഓടയില്‍നിന്നില്‍ സത്യന്റെ നായികാകഥാപാത്രമായി.മലയാള സിനിമാരംഗത്തെ മിക്ക പ്രമുഖ നടന്‍മാരുടെയും അമ്മയായി കവിയൂര്‍ പൊന്നമ്മ വേഷമിട്ടിട്ടുണ്ടെങ്കിലും മോഹന്‍ലാലിന്റെ അമ്മയായുള്ള വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.
കാന്‍സര്‍ രോഗത്തെ തുടര്‍ന്നായിരുന്നു കവിയൂര്‍ പൊന്നമ്മ അന്തരിച്ചത്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. കഴിഞ്ഞ മേയ് മാസത്തില്‍ ആണ് പരിശോധനയില്‍ കാന്‍സര്‍ സ്ഥിരീകരിച്ചത്. ആദ്യ പരിശോധനയില്‍ തന്നെ സ്റ്റേജ് 4 കാന്‍സര്‍ ആണ് കണ്ടെത്തിയത്. സെപ്തംബര്‍ 3 ന് തുടര്‍ പരിശോധനകള്‍ക്കും ചികിത്സക്കുമായിട്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.