സ്വർണവില സർവകാല റെക്കോർഡിൽ; ഇന്ന് വർധിച്ചത് 600 രൂപ
സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. പവന് ഇന്ന് 600 രൂപയാണ് വർധിച്ചത്. 55,680 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 75 രൂപ കൂടി 6960 രൂപയിലെത്തി. മെയിൽ രേഖപ്പെടുത്തിയ റെക്കോർഡ് ആണ് ഇന്ന് തിരുത്തിയത്. പവന് 55,120 രൂപയായിരുന്നു അന്ന്.
ഈ മാസത്തിന്റെ തുടക്കത്തിൽ 53,360 രൂപയായിരുന്നു സ്വർണവില. പടിപടി ഉയർന്ന സ്വർണവില തിങ്കളാഴ്ചയാണ് വീണ്ടും 55000 കടന്നത്. അമേരിക്ക പലിശ നിരക്ക് കുത്തനെ കുറച്ചതോടെ കുതിച്ചുയരുകയാണ് സ്വർണവില. മേയ് 20ന് ശേഷം വീണ്ടും സർവകാല റെക്കോഡിലെത്തി. യു എസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ അര ശതമാനം നിരക്കിളവ് പ്രഖ്യാപിച്ചതോടെ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുകയായിരുന്നു.
പലിശ കുറഞ്ഞ ബാങ്ക് നിക്ഷേപങ്ങൾ അനാകർഷകമായതോടെ സ്വർണം സുരക്ഷിതമെന്ന തോന്നലിലാണ് നിക്ഷേപകരുടെ നീക്കം. പലിശ കുറവിലേക്ക് ആഗോള ബാങ്കുകൾ നീങ്ങുന്നതോടെ വില കുറച്ച് ദിവസത്തേക്ക് ഉയർന്ന് തന്നെ നിൽക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. പണിക്കൂലിയും ജി എസ് ടിയുമുൾപ്പെടെ 60,000 ന് മുകളിൽ നൽകിയാലേ ഒരു പവൻ ആഭരണമായി വാങ്ങാൻ കഴിയൂ. ഉത്സവ- വിവാഹ പർച്ചേസുകൾ നടത്താനിരിക്കുന്നവർക്ക് വലിയ തിരിച്ചടിയാണ് വിലക്കയറ്റം.