‘ഇരുപതാം വയസിൽ പൊന്നമ്മ എന്റെ അമ്മയായി, സിനിമയുള്ളിടത്തോളം പൊന്നമ്മ ജീവിച്ചിരിക്കും’: നടൻ മധു
അമ്മയായി മലയാളികളുടെ മനസ്സിൽ പൊന്നമ്മ എക്കാലവും നിലനിൽക്കുമെന്ന് നടൻ മധു. വിയോഗം ദുഖമുണ്ടെന്ന വക്കിൽ ഒതുക്കുന്നില്ല. എല്ലാവരും പോകും ഞാനും പോകും പൊന്നമ്മ പോയി. സിനിമയുള്ളിടത്തോളം പൊന്നമ്മ ജീവിച്ചിരിക്കും. അധികം ദുഖിക്കാതെ പൊന്നമ്മ പോയി. ആത്മാവിന് നിത്യശാന്തി നേരുന്നു. ഇരുപതാം വയസിൽ പൊന്നമ്മ എന്റെ അമ്മയായി. ആ പ്രായത്തിലും അമ്മയായി അവർ മലയാളികളെ വിസ്മയിപ്പിച്ചുവെന്നും നടൻ മധു പറഞ്ഞു.
കാണുമ്പോൾ ഒരു അമ്മയാണെന്ന് തന്നെ തോന്നും. മരിച്ചുവെന്ന് പറയാൻ തോന്നുന്നില്ല എന്ന നടി ഷീല പ്രതികരിച്ചു. ഒരുപാട് ദുഖമുണ്ടെന്ന് നടൻ ജനാർദ്ദനൻ പ്രതികരിച്ചു. അഭിനയിക്കുന്നതിന് മുന്നേ ചേച്ചിയെ എനിക്ക് പരിചയം ഉണ്ട്. സിനിമയിൽ എത്തിയ ശേഷം ഞാനും ചേച്ചിയും ഒരു കുടുംബം പോലെയായിരുന്നു ജീവിച്ചിരുന്നത്. വളരെ വിഷമം ഉണ്ടെന്ന് ജനാർദ്ദനൻ പ്രതികരിച്ചു. വിഗോഗത്തിൽ ഏറെ ദുഖമുണ്ട്. പക്ഷെ ഇത്ര നേരെത്തെ പൊന്നമ്മ ചേച്ചി പോകുമെന്ന് വിചാരിച്ചില്ല. വളരെ ദുഃഖമുണ്ടെന്നും ഉർവശി പ്രതികരിച്ചു.
ഞാന്‍ ഇരുപത്തി രണ്ടാം വയസ്സില്‍ തന്നെ അമ്മ വേഷം ചെയ്തുവെന്ന് കവിയൂർ പൊന്നമ്മ നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.എന്റെ അച്ഛന്റെ പ്രായമുള്ള സത്യന്‍ മാഷിന്റെ അമ്മയായിട്ട് തൊമ്മന്റെ മക്കള്‍ എന്ന സിനിമയില്‍ മധു സാറിന്റെയും സത്യന്‍ മാഷിന്റെയും അമ്മയായിട്ടാണ് ഞാന്‍ അഭിനയിച്ചത്. സംവിധായകന്‍ സേതു മാധവനായിരുന്നു. അദ്ദേഹം എന്നോട് ചോദിച്ചു പൊന്നമ്മച്ചിക്ക് അമ്മയായി അഭിനയിക്കുന്നതിന് കുഴപ്പമുണ്ടോ? എന്ന്. ഞാന്‍ പറഞ്ഞു എന്ത് കുഴപ്പം എല്ലാത്തിനും ഞാന്‍ റെഡിയായിരുന്നു. നായിക എന്നതൊന്നും എന്റെ മനസ്സില്‍ പോലുമില്ലായിരുന്നു. കിട്ടുന്ന വേഷങ്ങള്‍ ചെയ്യുക എന്നതായിരുന്നുവെന്ന് കവിയൂര്‍ പൊന്നമ്മ പറഞ്ഞു.
‘തൊമ്മന്റെ മക്കള്‍’ എന്ന സിനിമയില്‍ സത്യന്‍ മാഷിന്റെയും മധു സാറിന്റെയും അമ്മയായി അഭിനയിക്കാമോ എന്ന് ചോദിച്ചു ഞാന്‍ സമ്മതിച്ചു. പിന്നീട് നസീര്‍ സാറിന്റെ എത്രയോ സിനിമകളില്‍ ഞാന്‍ അദ്ദേഹത്തിന്റെ അമ്മ വേഷം ചെയ്തു. പിന്നീട് ലാലിന്റെ അമ്മയായിട്ടാണ് ഞാന്‍ കൂടുതലും അഭിനയിച്ചത്’. എന്നും അഭിമുഖത്തില്‍ കവിയൂര്‍ പൊന്നമ്മ പറഞ്ഞു.
മികച്ച അഭിനയ ചാതുര്യം കൊണ്ട് മലയാളി മനസ്സിനെ കീഴ്പ്പെടുത്തിയ അമ്മമുഖമാണ് കവിയൂര്‍ പൊന്നമ്മ. പഴയ തലമുറയിലെ സത്യൻ മുതൽ ഇളം തലമുറയിലെ നിരവധി താരങ്ങളുടെ അമ്മയായി വരെ വെള്ളിത്തിരയിൽ എത്തിയ കവിയൂർ പൊന്നമ്മ സമാനതകളില്ലാത്ത അഭിനയത്തികവിൽ മലയാള സിനിമാലോകത്തെ വാത്സല്യനിധിയായ അമ്മയുടെ പദവിയിലേക്ക് ഉയരുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ടാണ് അന്ത്യം സംഭവിച്ചത്.
നാന്നൂറിലധികം സിനിമകളിൽ അഭിനയിച്ചു. കെപിഎസി നാടകങ്ങളില്‍ അഭിനയിച്ചായിരുന്നു തുടക്കം. 1962 മുതല്‍ സിനിമയില്‍ സജീവമായി. ശ്രീരാമ പട്ടാഭിഷേകം ആയിരുന്നു ആദ്യ സിനിമ. 1964ല്‍ കുടുംബിനി എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയിരുന്നു.
നിരവധി സിനിമകളില്‍ ഗായികയായും തിളങ്ങിയിരുന്നു. തിരുവല്ലക്കടുത്ത് കവിയൂരിൽ ടി.പി ദാമോദരന്റെയും ഗൗരിയുടെയും മൂത്തമകളായാണ് ജനിച്ചത്. നടി കവിയൂർ രേണുക ഉൾപെടെ ആറ് സഹോദരങ്ങളുണ്ട്. ബാല്യത്തിൽ തന്നെ പാട്ടുപാടി അരങ്ങിലെത്തി. തോപ്പിൽ ഭാസിയുടെ മൂലധനത്തിലൂടെ പതിനാലാം വയസ്സിൽ നാടകങ്ങളിൽ സജീവമായി.